കട്ടപ്പന: ഫ്ളാറ്റിന്റെ മൂന്നാംനിലയിൽ മുറിയുടെ വാതിലിന്റെ ലോക്കുവീണ് കുരുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. കട്ടപ്പന റസ്റ്റ് ഹൗസിനു സമീപം സോഗോസ് ഫ്ളാറ്റിന്റെ മൂന്നാംനിലയിലെ മുറിയിൽ കുരുങ്ങിയ രണ്ടുവയസുള്ള ആണ്‍കുഞ്ഞിനെയാണ് വീട്ടുകാരും ഫ്ളാറ്റിലെ ജോലിക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. വീട്ടിൽ കുട്ടിയുടെ അമ്മയും വേലക്കാരിയും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കിടപ്പുമുറിയിൽ ഒറ്റയ്ക്ക് കയറിയ കുട്ടി വാതിൽ അടയ്ക്കുന്നതിനിടെ കതകിന്റെ പൂട്ടുവീണു.
കതക് തുറക്കാൻ കഴിയാതായതോടെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. കരച്ചിൽകേട്ട് മാതാവ് എത്തി കതക് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മാതാവ് ഫ്ളാറ്റ് ഉടമയേയും ജീവനക്കാരെയും വിവരമറിയിച്ചു.
ഇതിനിടെ വിവരമറിഞ്ഞ് ഇടുക്കിയിലായിരുന്ന പിതാവ് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.ഫ്ളാറ്റ് ഉടമയുടെ നിർദേശാനുസരണം ഓടിയെത്തിയ ജീവനക്കാർ കതകിന്റെ പൂട്ടുതകർത്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.