തോമസ്കുട്ടി ചാലിയാർ
നിലമ്പൂർ: ഒരു കൂരയ്ക്കുള്ളിൽ താമസിക്കുന്നത് 23 പേർ. ആദിവാസി ജീവിതത്തിന്റെ ദുരിതക്കാഴ്ചയാണ് ഈ വീട്.
നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ പാറേക്കാട് കോളനിയിലെ ചെറിയ വീട്ടിലാണ് വലിയൊരു കുടുംബം “തിങ്ങിപ്പാർക്കു’ ന്നത്.
കോളനിയിലെ പരേതനായ കാളന്റെ ഭാര്യ കുറുമ്പിയും മൂന്നു മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമടക്കം 23 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്.
നിന്നുതിരിയാൻ പോലും സ്ഥലമില്ല. 23 പേരിൽ 11 മുതിർന്നവരും 12 കുട്ടികളുമുണ്ട്.
കുറുമ്പിയുടെ മക്കളായ വിഷ്ണു, സരസു, ശോഭ, ഇവരുടെ മക്കൾ, കൊച്ചു മക്കൾ അവരുടെ ഭാര്യമാർ എന്നിവരാണ് ഇവിടെയുള്ളത്.
420 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണം. ഒരു കുളിമുറി, അടുക്കള, മൂന്ന് ചെറിയ മുറികൾ എന്നിവയാണ് വീട്ടിലുള്ളത്.
ഒരു മുറിയിൽ എട്ടു പേർ വരെയാണ് അന്തിയുറങ്ങുന്നത്. കുറുമ്പി പലതവണ പഞ്ചായത്ത് അധികൃതരെ കണ്ട് ബുദ്ധിമുട്ടുകൾ പറയുകയും അപേക്ഷകൾ നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല.
മക്കൾക്കു വീടുവച്ച് താമസം മാറാൻ സ്ഥലമോ പണമോ ഇല്ലെന്നു കുറുമ്പി പറയുന്നു.
ആദിവാസികൾക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ കുടുംബത്തിന്റെ ദുരിതം ആരുടെയും കണ്ണിൽപ്പെട്ട മട്ടില്ല.