കൊടകര: സൗദി അറേബ്യയിലെ മക്ക-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തിൽ വെള്ളിക്കുളങ്ങര സ്വദേശികളായ ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര കറപ്പംവീട്ടിൽ അബ്ബാസിന്റെ മകൻ അഷ്റഫ്(50), ഭാര്യ റസിയ(38), മകൾ ഹഫ്സാന(16) എന്നിവരാണ് മരിച്ചത്. മക്കളായ ഹസ്ന(20), ഹാഷിം(14) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലേക്കു പോകുന്പോഴാണ് കുടുംബം അപകടത്തിൽ പെട്ടത്.
ദമാമിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. പെരുന്നാളിനോടനുബന്ധിച്ച് മക്കയിൽ ഉംറ നിർവഹിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് റസിയയും മക്കളും സന്ദർശക വിസയിൽ സൗദിയിലേക്ക് പോയത്. കോപ്ലിപ്പാടം വട്ടോലി വീട്ടിൽ മുഹമ്മദിന്റെ മകളാണ് റസിയ. പ്ലസ് ടു വിജയിച്ച ഹഫ്സാന ഉപരിപഠനത്തിന് ചേരാനിരിക്കുകയായിരുന്നു. പെരുന്നാൾ തലേന്ന് എത്തിയ ദുരന്ത വാർത്ത വെള്ളിക്കുളങ്ങരയെ ദു:ഖത്തിലാഴ്ത്തി