കോവിഡ് രോഗബാധ ആരോപിച്ച് വീട്ടുജോലിക്കാരിയായ വയോധികയെ പെരുവഴിയില്‍ ഇറക്കിവിട്ടു ! ഒടുവില്‍ വൃദ്ധയ്ക്ക് തുണയായത് പുതുക്കാട് പോലീസിന്റെ കാരുണ്യം

കോവിഡ് രോഗബാധ ആരോപിച്ച് പൊന്നാനിയില്‍ വീട്ടുജോലിയ്ക്കു നിന്ന വയോധികയെ വീട്ടുകാര്‍ പെരുവഴിയിലേക്ക് ഇറക്കിവിട്ടു.

കിലോമീറ്ററുകളോളം നടന്ന് അവശയായ വയോധികയെ പുതുക്കാട് പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ 60 കാരിക്കാണ് ഈ ദുരവസ്ഥ. ഏജന്‍സി മുഖേന പൊന്നാനിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍ .

കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു വീട്ടുകാരുടെ ക്രൂരത. ബുധനാഴ്ച പുലര്‍ച്ചെ ഇവരെ തൃശൂരില്‍ ഇറക്കിവിടുകയായിരുന്നു.

ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ വയോധിക ആമ്പല്ലൂരില്‍ വഴിയോരത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പുതുക്കാട് പോലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വയോധികയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി.

പനിയോ മറ്റ് രോഗലക്ഷണമോ ഒന്നും ഇല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ പോലീസിന്റെ നിര്‍ദേശപ്രകാരം കിലയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ആരോഗ്യ വകുപ്പ് അധികൃതര്‍ ആംബുലന്‍സുമായെത്തിയാണ് ഇവരെ കിലയിലേക്ക് കൊണ്ടുപോയത്. കൊല്ലം സ്വദേശിയായ തനിക്ക് സ്വന്തമായി വീടില്ലെന്നും, വര്‍ഷങ്ങളായി പൊന്നാനിയില്‍ പല വീടുകളില്‍ ജോലി ചെയ്താണ് ഉപജീവനം നടത്തുന്നതെന്നും വയോധിക പോലീസിനോട് പറഞ്ഞു.

വയോധികയെ പെരുവഴിയില്‍ തള്ളിയ വീട്ടുകാരെയും, ഏജന്‍സിയെയും കുറിച്ച് അന്വേഷണം നടത്തുമെന്ന് പുതുക്കാട് പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment