ഇരിങ്ങാലക്കുട: കാൻസർ രോഗിയായ ഭാര്യക്ക് 42 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ഭർത്താവിനോട് തിരിച്ചുനൽകാൻ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുൾ ഖാദറിന്റെ മകൾ സാബിറ കുടുംബകോടതിയിൽ നൽകിയ പരാതിയിലാണ് ഭർത്താവായ എസ്.എൻ. പുരം സ്വദേശി വലിയകത്ത് ഉമ്മറിനോട് സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടത്. ആറുമാസത്തിനകം ഇത് തിരിച്ചുനൽകിയില്ലെങ്കിൽ ഉമ്മറിന്റെ പേരിലുള്ള വസ്തു ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടു.
1985 നവംബർ മൂന്നിനാണ് ഉമ്മർ സാബിറയെ വിവാഹം കഴിച്ചത്. 2002ൽ സാബിറക്ക് കാൻസർ ബാധിച്ചു. തുടർന്ന് ഭർത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
2013ൽ കാസർക്കോട്ടുള്ള ഒരു സ്ത്രീയുമായി വീട്ടിലേക്ക് വരികയും അവരോടൊപ്പം താമസിക്കാൻ ശ്രമിക്കുകയും ചെയ്തു. തടസംനിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്നാണ് ഭർത്താവ് വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും പണവും എടുത്തത് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കുടുംബകോടതിയിൽ ഹർജി നൽകിയത്.