അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ്വിൻ (6) എന്നിവരാണ് മരിച്ചത്.
ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണോ മറ്റ് ഏതെങ്കിലും കാരണത്താലാണോ തീ ഉണ്ടായതെന്നാണ് അന്വേഷണം നടക്കുന്നത്. എസിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.അടച്ചിട്ടിരുന്ന മുറിയിലെ എസിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയും തുടർന്ന് കത്തിയമരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മുറിയിലുണ്ടായിരുന്ന ആരും വാതിൽ തുറന്ന് രക്ഷപ്പെടുവാനുള്ള ശ്രമം നടത്തിയതായി കാണാത്തത് ദുരൂഹത ഉയർത്തിയിട്ടുണ്ട്.എന്നാൽ വിഷപ്പുക ശ്വസിച്ചാൽ ഒരു മിനിറ്റിനകം തന്നെ അബോധാവസ്ഥയിലാകുമെന്നും പുലർച്ചെയായതിനാൽ ഗാഢനിദ്രയിൽ ഒന്നും ചെയ്യാനാകാതെ വന്നതാകാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നറിയാൻ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പരിശോധനക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ വിഗദഗ്ധ സംഘം സംഭവ ദിവസം പരിശോധനകൾ നടത്തിയിരുന്നു. പഴയ വീടായതിനാൽ മുറിയിലെ വൈദ്യുതി ലൈനുകളുടെ കാലപ്പഴക്കം തീ പിടുത്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.കത്തിയമർന്ന ശരീരത്തിൽ മറ്റു പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിവിധ ഏജൻസികൾ നടത്തിവരുന്ന ശാസ്ത്രീയ പരിശോധനകളുടെ ഫലവും ലഭ്യമായ ശേഷമേ നിഗമനത്തിലെത്താനാകൂ. മരണത്തിനു പിന്നിൽ ദുരൂഹതകൾ ഉണ്ടോയെന്നറിയാൻ ഫോൺ വിളികളുടെ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്.