കോട്ടയം: വൈക്കത്ത് കൂട്ടഅത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു. മാരകമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീഹരിയാണ് (11) മരിച്ചത്. തലയാഴം ചില്ലയക്കൽ സുരേഷ് (45) ഭാര്യ സോജ (38) മൂത്തമകൻ സൂരജ് (14) എന്നിവരും മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 6.15-ന് ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. വീട്ടിൽനിന്ന് പുക ഉയരുകയും ജനാലച്ചില്ലുകൾ പൊട്ടിത്തകരുകയും ചെയ്തതോടെ അപകടം മണത്ത നാട്ടുകാർ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്.
നാട്ടുകാർ വെള്ളമൊഴിച്ചു തീയണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവരുടെ വീടിനു സമീപത്തുനിന്ന് മണ്ണെണ്ണയുടെ കാൻ പോലീസ് കണ്ടെടുത്തു.
കൂട്ടിന് ഇനിയാരുമില്ലെന്ന യാഥാർഥ്യം രമണിക്ക് ഇനിയും അറിയില്ല
വൈക്കം: ചായക്കടയിൽ ഒരുമിച്ച് പണിയെടുക്കുകയും സമീപത്തെ വീട്ടിൽ ഒന്നിച്ചുറങ്ങുകയും ചെയ്തിരുന്ന മകൻ സുരേഷും മരുമകൾ സോജയും പേരക്കുട്ടികളും ഇനിയില്ലെന്ന യാഥാർഥ്യം സുരേഷിന്റെ മാതാവ് രമണിക്ക് ഇനിയും അറിയില്ല. മകൻ സുരേഷും മരുമകൾ സോജയും പേരക്കുട്ടികളും മരിച്ച കാര്യം രമണിയെ അറിയിക്കാൻ ബന്ധുക്കൾക്കാർക്കും ധൈര്യമില്ല. രമണി വീട്ടിൽനിന്ന് കടയിലേക്ക് പോയി മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വീട്ടിൽ അത്യാഹിതം സംഭവിച്ചത്.
വർഷങ്ങൾക്ക് മുന്പ് ഭർത്താവ് മരിച്ചശേഷം ഇളയമകൻ സുരേഷിനും കുടുംബത്തിനുമൊപ്പമാണ് രമണി കഴിഞ്ഞിരുന്നത്.ചായക്കടയിൽ ചായ ഉണ്ടാക്കി നൽകിയിരുന്നത് രമണിയായിരുന്നു. മകനും കുടുബവും പച്ചപിടിക്കാൻ തന്നെക്കൊണ്ടാവുന്നതോക്കെ പ്രായത്തിന്റെ ക്ഷീണം മറന്നും ആ വയോധിക ചെയ്തത് തന്റെ പേരക്കുട്ടികളുടെ നിറകണ് ചിരി കണ്ടിട്ടുകൂടിയായിരുന്നു.