തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടങ്ങോട് കൈക്കുളങ്ങര അന്പലത്തിനു സമീപം കൊട്ടിലങ്ങൽ സുരേഷ്(37), ഭാര്യ ധന്യ (34), മക്കളായ വൈഗ(എട്ട്), വൈശാലി (ആറ്) എന്നിവരാണ് മരിച്ചത്.
മറ്റൊരു മകളായ വൈഷ്ണവിയെയാണ് (എട്ട്) നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈഷ്ണവിയും വൈഗയും ഇരട്ടകുട്ടികളാണ്. സാന്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഗൃഹനാഥനായ സുരേഷ് വീടുനുസമീപത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയുടേയും മക്കളുടെയും മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിലുമാണ് കണ്ടെത്തിയത്.
പുലർച്ചെ നടക്കാൻ പോയവർ കിണറ്റിൽ നിന്നും വൈഷ്ണവിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കിണറ്റിലെ പൈപ്പിൽ പിടിച്ചുകിടക്കുന്ന കുട്ടിയെ കണ്ട് രക്ഷപ്പെടുത്തിയത്. മരിച്ച സുരേഷിന് നേരത്തെ മാർബിൾ പണിയായിരുന്നു. ശാരീരിക അസുഖങ്ങളെ തുടർന്ന് പിന്നീട് ഗുരുവായൂരിൽ ലോട്ടറി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. സുരേഷ് എഴുതി എന്നുകരുതുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുന്നംകുളം ഡിവൈഎസ്പി പി. വിശ്വംബരൻ, സി ഐ രാജേഷ് കെ. മേനോൻ, എരുമപ്പെട്ടി എസ് ഐ കെ.വി. വനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.