കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് അറിയിച്ച് കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിട്ടും പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് അനസിന്റെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച മകനെ വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാക്കണം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ, മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ എന്ന് അനസ് ചോദിക്കുന്നു. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര് സഹായിച്ചതും ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ താനും കുടുംബവും തീരുമാനിച്ചിരിക്കുകയാണെന്ന് അനസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കുഞ്ഞിന്റെ ചികിത്സയാണ് ആദ്യം നടക്കേണ്ടതെന്നും നിങ്ങളുടെ നല്ല മനസിനെ ദൈവം കാണുമെന്നും നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അനസിന്റെ നല്ല മനസിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം കുഞ്ഞിന്റെ ചികിത്സ കൃത്യമായി നടത്തണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. അനസിനെ പോലെ നിരവധി ആളുകളാണ് സ്വന്തം പരാധീനതകള്‍ മറന്നു കൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നത്.