ആധുനിക സമൂഹത്തിന്റെ വലിയൊരു കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ് തിരക്കിട്ട, ഒന്നിനും സമയമില്ലാത്ത ജീവിതം എന്നത്. സ്വന്തം മക്കളെ പോലും നോക്കാനോ പരിചരിക്കാനോ എന്തിനേറെ, അവരോട് സംസാരിക്കാന്‍ പോലുമോ സമയമില്ലാതെ വ്യഗ്രതപ്പെട്ട് ഓടുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളും. ഈ ആക്ഷേപത്തിന് തെളിവാകുന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവമിങ്ങനെ…
നഗരത്തിലെ ഷോപ്പിങ് മാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിറങ്ങിയ കുടുംബം അഞ്ചുവയസുകാരിയ തിരികെ കൊണ്ടുപോകാന്‍ മറന്നു. ഒറ്റപ്പെട്ട് കരഞ്ഞുകൊണ്ട് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ട്, കാര്യം മനസിലാക്കി പോലീസ് വിളിച്ചപ്പോള്‍ മാത്രമാണ് കുട്ടി തങ്ങളോടൊപ്പമില്ലെന്ന വിവരം കുടുംബം അറിയുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം.
പിതാവിന്റെ സഹോദരിയുടെ കൂടെയാണ് വടകര സ്വദേശിയായ കുട്ടി ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11ന് മാള്‍ അടയ്ക്കുമ്പോള്‍ കുട്ടിയെ കണ്ട സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വിവരം അറിയിക്കുമ്പോള്‍ കുട്ടിയ്ക്ക് സ്കൂളിന്റെ പേര് മാത്രമേ ഓര്മയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പിതൃസഹോദരനുമായി പോലീസ് ബന്ധപ്പെടുമ്പോഴേയ്ക്കും ഷോപ്പിങ് കഴിഞ്ഞ് കുടുംബം വടകരയിലെ വീട്ടിലെത്തിയിരുന്നു. പോലീസ് വിളിയ്ക്കുമ്പോള്‍ മാത്രമാണ് കുട്ടിയെ തങ്ങള്‍ മാളില്‍ വെച്ച് മറന്ന വിവരം കുടുംബം അറിയുന്നത്.
കുട്ടിയുടെ അമ്മ ഷോപ്പിങ് സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. പിതാവ് വിദേശത്താണ്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. എട്ട് കുട്ടികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയുടെ അമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.