വളപട്ടണം: രാജ്യത്തെ മികച്ച രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാരം വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിന്. 2018 -19 സാമ്പത്തിക വര്ഷം ഇന്ത്യയിൽ തന്നെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനും മികച്ച ചികിത്സയും ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
രോഗീ സൗഹൃദം, ജനങ്ങൾക്ക് നൽകുന്ന മെഡിക്കൽ സർവീസ്, ക്ലിനിക്കൽ സർവീസ്, അണുബാധ നിയന്ത്രണം, ശുചിത്വം, ക്വാളിറ്റി മാനേജ്മെൻറ് തുടങ്ങിയ വിവിധങ്ങളായ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധരായ ഡോക്ടർമാരായ ക്വാളിറ്റി മാനേജ്മെന്റ് സംഘം പരിശോധന നടത്തിയാണ് വളപട്ടണം എഫ് എച് സി ഈ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.
97 ശതമാനം മാർക്ക് സ്കോർ ചെയ്താണ് വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയത്. വർഷം രണ്ട് ലക്ഷം വീതം മൂന്ന് വർഷം ആറ് ലക്ഷം രൂപ സമ്മാന തുകയായും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള അക്രിഡിയേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്) സർട്ടിഫിക്കറ്റ് ഓഫ് അക്രിഡിയേഷൻ അവാർഡാണ് സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന മന്ത്രി ശൈലജ ടീച്ചർ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റിനും അവാർഡിനും ഒപ്പം കേന്ദ്ര അംഗീകാരത്തിനുള്ള സംസ്ഥാന ഗവൺമെന്റെ പുരസ്കാരമായി പ്രത്യേക അവാർഡ് ആയി മൊമെന്റോയും നൽകി ആദരിച്ചു.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായ്ക്കും ഡിപിഎം ഡോ.കെ.വി. ലതീഷ് എന്നിവരുടെ സാന്നിധ്യത്തിൽ വളപട്ടണം എഫ് എച്ച്സി ക്ക് വേണ്ടി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, പഞ്ചായത്ത് മെമ്പർ നൗഷാദ്, പാരമെഡിക്കൽ സ്റ്റാഫും ചേർന്ന് പുരസ്കാരവും സർട്ടിഫിക്കറ്റും അവാർഡും ഏറ്റു വാങ്ങി.