വധുവിനെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് വധുവിന്റെ കുടുംബം. ആന്ധ്രപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. വധുവിനെ കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞവരെ സംഘം മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയാണ് നേരിട്ടത്. ഒടുവിൽ വരന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് വധുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ വധുവിന്റെ അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. വെറ്ററിനറി സയൻസസ് ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് സ്നേഹയും വെങ്കിട്ടനന്തുവും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും ഏപ്രിൽ 13ന് വിജയവാഡയിലുള്ള ദുർഗാ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. തുടർന്ന് വെങ്കട്ടനന്തുവിന്റെ വീട്ടിലേക്കാണ് പോയത്.
ഇവരുടെ വിവാഹം കഴിഞ്ഞെന്ന വിവരം അറിഞ്ഞ കുടുംബത്തിലെ മുതിർന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ചടങ്ങ് നടത്താമെന്ന് തീരുമാനിച്ചു. തുടർന്ന് സ്നേഹയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമെത്തി മുളകുപൊടി എറിഞ്ഞ് മറ്റുള്ളവരെ ആക്രമിച്ചത്.
ഇതിനിടെ വധുവിനെയുമായി കടന്നുകളയാൻ ശ്രമിച്ചവരെ വരന്റെ കൂട്ടർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.