ജയ്പൂർ: ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് 20കാരിയെ പിതാവും സഹോദരനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രാജസസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്.
മറ്റൊരു ജാതിയിൽപ്പെട്ട രവീന്ദ്ര ഭീലിനെയാണ് ഷിംല കുഷ്വ എന്ന യുവതി വിവാഹം കഴിച്ചത്. ഇതിൽ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു.
ജലവാർ സോർതി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാണ് ബാരൻ ബില്ലയിലെത്തിയത്. ഈ സമയത്ത് അവിടെ എത്തി അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്.
യുവതിയുടെ ഭർത്താവ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഒരു ശ്മശാനത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരനും ഉൾപ്പടെ 12 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഭർത്താവിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.