ഹോട്ടലിൽ നിന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി എട്ടംഗ കുടുംബം. 34,000 രൂപയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ച് സ്ഥലംവിട്ടത്. യുകെയിലെ ബെല്ലാ സയോ സ്വാൻസീ ഹോട്ടലിലാണ് സംഭവം.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരു സ്ത്രീ രണ്ട് തവണ ബിൽ അടയ്ക്കാനായി കാർഡ് സ്വൈപ് ചെയ്തെങ്കിലും നടന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ കുടുംബത്തിന്റെ ഫോട്ടോ സഹിതമുള്ള പരാതിയാണ് ഹോട്ടൽ അധികൃതർ പങ്കുവച്ചത്.
മറ്റൊരു കാർഡുമായി വരാമെന്ന് പറഞ്ഞ് മകനെ ഹോട്ടലിൽ ഇരുത്തിയശേഷം അവർ ഹോട്ടലിൽ നിന്ന് മുങ്ങി. അല്പസമയത്തിന് ശേഷം മകന് ഒരു കോൾ വന്നതിന് പിന്നാലെ പുറത്തേക്ക് ഓടിപ്പോയി.
അതേസമയം റിസർവേഷൻ സമയത്ത് ഹോട്ടലിൽ കുടുംബം നൽകിയ ഫോൺ നമ്പറും വ്യാജമായിരുന്നെന്ന് ഹോട്ടൽ പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിൽ കുടുംബത്തിനെതിരേ ഹോട്ടൽ അധികൃതർ പരാതി നൽകുകയും ചെയ്തു.
ബിൽ അടയ്ക്കാൻ റിസപ്ഷനിൽ സ്ത്രീയും മകനും നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഹോട്ടൽ അധികൃതർ പങ്കുവച്ചിട്ടുണ്ട്.