ഷഹല ഷെറിന് എന്ന അഞ്ചുവയസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം കേരളത്തെയാകെ വേദനിപ്പിച്ചിരുന്നു. സംഭവം കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അധ്യാപകരുടെ കര്‍ത്തവ്യത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ഈ സംഭവം മാറി. ഈ സംഭവത്തിനു ശേഷം മലയാളികള്‍ക്കു പാമ്പിനോടുള്ള ഭയം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതി ഭയാനകമായ ഒരു കഥയാണ് വയനാട്ടിലെ ഒരു കുടുംബം പറയുന്നത്.
പാമ്പുകള്‍ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക് വന്നു ഭവിച്ചത്. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല.
മൂര്‍ഖനും അണലിയുമുള്‍പ്പെടെയുള്ള കൊടുംവിഷമുള്ള പാമ്പുകള്‍ ഇവരുടെ വീട്ടില്‍ സൈ്വര വിഹാരം നടത്തുകയാണ്. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ ഈ വീട്ടിനുള്ളില്‍നിന്നും പിടിച്ചിട്ടുണ്ട്. പക്ഷെ ഒന്നിനെപ്പോലും കൊന്നിട്ടില്ല. മുമ്പ് വല്ലപ്പോഴും സന്ദര്‍ശകരായി എത്തിയിരുന്ന പാമ്പുകള്‍ സ്ഥിരമായി വിലസാന്‍ തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ സ്വസ്ഥത നഷ്ടമായത്.
പാമ്പുകളെ ഭയന്ന് രാത്രിയില്‍ ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥ. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ പാമ്പ്, കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്കിടയിലും അടുക്കളയിലും മുറികള്‍ക്കുള്ളിലുമെല്ലാം പാമ്പുകള്‍. താമസം മാറുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പവനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
ഭര്‍ത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തില്‍ മരിച്ചതോടെയാണ് മക്കളുമായി ഈവിട്ടില്‍ താമസിക്കാന്‍ ഭയം തുടങ്ങിയതെന്ന് സുനിത പറഞ്ഞു. മുമ്പ് ഭര്‍ത്താവുണ്ടായിരുന്നപ്പോള്‍ പാമ്പുകളെത്തിയാലും പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹംതന്നെ പാമ്പുകളെ പിടിച്ച് കളയുമായിരുന്നു. 17 വര്‍ഷംമുമ്പാണ് ഫെയര്‍ലാന്‍ഡിലെ ഈ നാല് സെന്റ് സ്ഥലവും വീടും വാങ്ങിയത്. എട്ടുവര്‍ഷംമുമ്പ് നിലവിലുണ്ടായിരുന്ന വീടിനോട് ചേര്‍ന്ന് കുറച്ച് ഭാഗം കൂട്ടിയെടുത്തിരുന്നു. ഇതിനുശേഷമാണ് വീട്ടിനുള്ളില്‍ സ്ഥിരമായി പാമ്പുകളെ കണ്ടുതുടങ്ങിയത്.
മുമ്പിവിടെ ഒരു പുറ്റുണ്ടായിരുന്നെന്നും അത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പാമ്പ് ശല്യം കുറയുന്നതിനുള്ള പലപൊടിക്കൈകളും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളിലായി വഴിപാടുകളെല്ലാം നടത്തി. ഒടുവില്‍ വീടിന്റെ ഒരുഭാഗംത്തന്നെ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പുശല്യത്തിന് കുറവുണ്ടായില്ല. വീടിന് മുന്നിലെ തോട്ടിലൂടെയാണ് പാമ്പുകള്‍ ഒഴികിവരുന്നതെന്ന് ചിലര്‍ പറയുന്നു. പക്ഷെ തോടിന്റെ കരയിലുള്ള മറ്റു വീടുകളിലൊന്നും പാമ്പുശല്യമില്ലാതാനും. മൂന്നുമാസംമുമ്പ് ഇവര്‍ വീടുപേക്ഷിച്ച് ഫെയര്‍ലാന്‍ഡിലും മീനങ്ങാടിയിലുമുള്ള സഹോദരങ്ങളുടെ വീടുകളിലാണ് താമസിച്ചുവരുന്നത്.
രണ്ട് മക്കളും കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. കല്പറ്റയിലെ എസ്.പി. ഓഫീസിന് സമീപമുള്ള സഹോദരന് വിനോദിന്റെ മെസ്സിലാണ് സുനിത ജോലിയെടുക്കുന്നത്. കുറേദിവസങ്ങള്‍ക്കുശേഷം തിങ്കളാഴ്ച വീട്ടിലെത്തിയപ്പോഴും അകത്ത് മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നു. മകള്‍ നന്ദനയാണ് പാമ്പിനെ പിടിച്ച് വീടിന് പുറത്തുകളഞ്ഞത്. സ്ഥിരമായി പാമ്പുകളെ പിടികൂടുന്നത് കണ്ട് ശീലിച്ച, നന്ദന സ്വീകരണമുറിയിലെത്തിയ പാമ്പിന്റെ വാലില്‍ പിടിച്ച്, തലഭാഗം കുപ്പിയിലാക്കിയെടുത്ത് പുറത്തെ തോട്ടില്‍കൊണ്ടുവിട്ടു. നിലവിലുള്ളവീട് പൂര്‍ണമായി പൊളിച്ചുകളഞ്ഞ് പുതിയൊരുവീട് നിര്‍മിച്ച് ഇവിടെത്തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം. എന്തായാലും ആള്താമസമില്ലാതായതോടെ പാമ്പുകള്‍ ഈ വീട് സ്വന്തമാക്കിയിരിക്കുകയാണ്.