ചൈനയിലെ എട്ട് പേരടങ്ങുന്ന ഒരു കുടുംബം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്. വീട്ടിൽ താമസിക്കുന്നതിനുപകരം, കഴിഞ്ഞ 229 ദിവസമായി ഒരു ആഡംബര ഹോട്ടലിലാണ് ഈ കുടുംബം താമസിക്കുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, കുടുംബത്തിലെ എല്ലാ അംഗങ്ങളും നന്യാങ് നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസം. പ്രതിദിനം 1,000 യുവാൻ (ഏകദേശം 11,000 രൂപ) നൽകിയാണ് കുടുംബം ഹോട്ടലിൽ കഴിയുന്നത് എന്നാൽ അസാധാരണമായ ഈ ജീവിത ക്രമീകരണം അവർ ഉടൻ ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല.
എട്ട് പേരടങ്ങുന്ന കുടുംബം ഒരു സ്വീകരണമുറിയും രണ്ട് മുറികളുമുള്ള ഒരു സ്യൂട്ടിലാണ് താമസിക്കുന്നത്. മുറിയുടെ ചിലവിൽ എല്ലാം ഉൾക്കൊള്ളുന്നതിനാൽ വൈദ്യുതി, വെള്ളം, പാർക്കിംഗ് എന്നിവയ്ക്കായി കുടുംബം അധിക ചാർജുകൾ നൽകേണ്ടതില്ല. കുടുംബം ഇപ്പോൾ അവരുടെ ജീവിതരീതിയിൽ സംതൃപ്തരാണ്. തങ്ങളുടെ ശിഷ്ടജീവിതവും ആഡംബരത്തിൽ ചെലവഴിക്കാനാണ് ഇവർ പദ്ധതിയിടുന്നതും.
സോഫയും ടിവിയും കസേരയും ഉള്ള ഒരു മുറിയിൽ കുടുംബാംഗങ്ങൾ നിൽക്കുന്നതും വസ്ത്രങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയ ദൈനംദിന ജീവിത സാമഗ്രികൾ നിറയ്ക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.
‘ഇന്ന് ഞങ്ങൾ ഹോട്ടലിൽ താമസിച്ചതിന്റെ 229-ാം ദിവസമാണ്. മുറിക്ക് പ്രതിദിനം 1,000 യുവാൻ ചിലവാകും. എട്ട് പേരടങ്ങുന്ന ഞങ്ങളുടെ കുടുംബം വളരെ നന്നായി ജീവിക്കുന്നു. ഇവിടെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അതിനാൽ ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു ഹോട്ടലിൽ ജീവിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു’, കുടുംബത്തിലെ ഒരു അംഗം, മു സൂ പറഞ്ഞു. ദീർഘകാല വാടകയ്ക്ക് ഹോട്ടൽ അവർക്ക് പ്രത്യേക നിരക്ക് നൽകിയിട്ടുണ്ടെന്നും മു കൂട്ടിച്ചേർത്തു.
മറ്റൊരു വീഡിയോയിൽ, തന്റെ കുടുംബത്തിന് സ്വത്തുക്കൾ ഉണ്ടെന്നും നല്ല സാമ്പത്തിക സ്ഥിതി ഉണ്ടെന്നും മു അറിയിച്ചു. ‘ഈ ജീവിതരീതി പണം ലാഭിക്കാൻ സഹായിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് എല്ലാം സൗകര്യപ്രദമാക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇവിടെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അതിനാൽ ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു ഹോട്ടലിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ മു വീഡിയോയിൽ വ്യക്തമാക്കി.