ബിസിനസുകാരനായ ഭർത്താവ് ഭാര്യയെയും കൂട്ടി എന്നെ കാണാൻ വന്നു. ഞാൻ ആദരിക്കുന്ന ഒരു പുരോഹിതന്റെ ശിപാർക്കത്തുമായാണ് അവർ വന്നത്. എങ്ങനെയെങ്കിലും ഇവർ തമ്മിലുള്ള വഴക്ക് പരിഹരിച്ചുകൊടുക്കണമെന്നായിരുന്നു ആ കത്തിന്റെ ചുരുക്കം.
വന്നുകയറിയപാടേ ഭർത്താവ് ഭാര്യയെക്കുറിച്ചുള്ള പരാതികളുടെ നീണ്ട പട്ടിക എന്റെ മുന്നിൽ നിരത്തിവച്ചു. എന്റെ ഭാര്യ ഒരു ഹൈസ്കൂൾ അധ്യാപികയാണ്. ഒരു തൊട്ടാവാടി. നിസാരകാര്യങ്ങൾക്കുപോലും അവൾ ഭയങ്കരമായി പ്രതികരിക്കും. അവൾ എന്നെ വരച്ചവരയിൽ നിർത്താൻ നോക്കുകയാണു ഡോക്ടർ. പെട്ടെന്ന് ഫീൽ ചെയ്യുന്ന തരത്തിലുള്ള അവളുടെ ഈ സ്വഭാവവും എല്ലാം ശരിയായി ചെയ്യണമെന്നുള്ള അവളുടെ നിർബന്ധബുദ്ധിയും കാരണം വീട്ടിൽ എന്നും വഴക്കാണ്. ഒരു സമാധാനവുമില്ല.
മുറിയിൽ അവൾ അടുക്കിവച്ച ഏതെങ്കിലും സാധനങ്ങൾ സ്ഥാനംമാറി കിടന്നാൽ വളരെ പെട്ടെന്ന് അവൾ ടെൻഷനാകും. അലമാരയിൽ അവൾ അടുക്കിവച്ച വസ്ത്രങ്ങൾ അറിയാതെ അലങ്കോലപ്പെട്ടുകിടന്നാൽ അവൾ പെട്ടെന്ന് ക്ഷമകെട്ട് എന്നോട് വഴക്കിടാൻ വരും. ഇത്തരം കാര്യങ്ങൾക്ക് അവൾ മക്കളോടും വഴക്കിടും. പാത്രം കഴുകാനും തുണിയലക്കാനും ധാരാളം വെള്ളം ഉപയോഗിക്കും. എന്നാൽ തൃപ്തിവരില്ല. എന്തിനാ ഇത്രയും അമിതവൃത്തി എന്നു ഞാൻ ചോദിച്ചാൽ ടെൻഷൻ കയറി അവൾ കലിതുള്ളും. ഒന്നും സഹിക്കാനുള്ള ശക്തി അവൾക്കില്ല. ചിലപ്പോൾ അവളുടെ സ്വഭാവത്തിന്റെ പ്രത്യേകതകൾ കണ്ടുമടുത്ത് എനിക്ക് അവളെ തല്ലേണ്ട ഗതികേടുവരെ ഉണ്ടായിട്ടുണ്ട്. എന്താണ് സർ ഇവളുടെ പ്രശ്നം. ഒന്നുരണ്ടു പ്രാവശ്യം ഞങ്ങൾ തമ്മിൽ വഴക്കിട്ടപ്പോൾ ജീവിതം അവസാനിപ്പിച്ചുകളയുമെന്ന് അവൾ ഭീഷണി മുഴക്കി. ഞാൻ പേടിച്ചാണ് വീട്ടിൽ കഴിയുന്നത്.
ഭർത്താവിനെ മുറിക്കു പുറത്തിരുത്തിയ ശേഷം ഞാൻ ഭാര്യയുമായി സംസാരിച്ചു. വീട്ടിലെ പ്രശ്നങ്ങളെല്ലാം മടികൂടാതെ തുറന്നു സംസാരിക്കാൻ പ്രോത്സാഹനം കൊടുത്തപ്പോൾ അവർ പറഞ്ഞു, ഡോക്ടർ ഈ മനുഷ്യനെക്കുറിച്ച് എനിക്കു വലിയ പരാതികളൊന്നുമില്ല. കള്ള് കുടിക്കില്ല, സിഗരറ്റ് വലിക്കില്ല, മറ്റു ദുഃസ്വഭാവങ്ങളൊന്നുമില്ല. ഞങ്ങളുടെ പള്ളിയിലെ ട്രസ്റ്റിയാണ്. പക്ഷേ ഈ മനുഷ്യന്റെ വർത്തമാനശൈലി എനിക്കൊട്ടും പിടിക്കില്ല. അവരുടെ വീട്ടുകാരുടെ സംസാരരീതിയും എനിക്കു തീരെ പിടിക്കുന്നില്ല. വായ് തുറന്നാൽ ഒരുമാതിരി ലോ ക്വാളിറ്റി സംസാരമാണ്. ഒരു സംസ്കാരവുമില്ലാത്തവരെപ്പോലെയാണ് പെരുമാറ്റം. എനിക്കാണെങ്കിൽ എന്റെ ഭർത്താവിനെക്കുറിച്ചു ചില സങ്കൽപങ്ങളുണ്ട്. സങ്കൽപങ്ങളെന്നു പറഞ്ഞാൽ പോരാ, ചില നിർബന്ധബുദ്ധിയുണ്ടെന്നു പറഞ്ഞാലേ ശരിയാകൂ. പുള്ളിക്കാരൻ എന്റെ ഇഷ്ടങ്ങളൊന്നും വകവയ്ക്കാറില്ല. പുള്ളിയെ ഏതെങ്കിലും തരത്തിൽ എന്റെ ചിട്ടകൾക്കനുസരിച്ച് കൊണ്ടുവരാൻ ശ്രമിച്ചാൽപിന്നെ ഭയങ്കര ദേഷ്യമാണ്. എന്നെ ഒരുപാട് വഴക്കുപറയും. എനിക്കാണെങ്കിൽ മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന ഒരു ബുക്ക് മാറിക്കിടന്നാൽപോലും ഭയങ്കര ടെൻഷനാണ്. എല്ലാം ശരിയായി ചെയ്യണമെന്നാണ് എന്റെ നിർബന്ധം. എന്റെ മനസിൽ അടിക്കടി ഓരോ അനാവശ്യ ചിന്തകൾ കടന്നുവന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. സാർ, എന്റെ ഭർത്താവിനോട് ഒന്നു പറയണം എന്റെ ഇഷ്ടങ്ങളനുസരിച്ചു പെരുമാറാൻ.
അധ്യാപികയുടെ മനോനിലയും വ്യക്തിത്വഘടനയും ജീവചരിത്രവും മനഃശാസ്ത്ര പരിശോധനകൾ നൽകി വസ്തുനിഷ്ഠമായി പഠിച്ചു. അതിൽനിന്ന് ഒരുകാര്യം ഉറപ്പായി. കുട്ടിക്കാലത്തെ അരക്ഷിതമായ കുടുംബാന്തരീക്ഷത്തിൽ വളർന്നുവന്ന അവരുടെ മനസ് ആധിയിലും ഉത്കണ്ഠയിലും അഭയം തേടിയതാണ്. സ്വതവേ എല്ലാം പെർഫെക്ടായി ചെയ്യണമെന്നു നിർബന്ധബുദ്ധിയുള്ള സ്വഭാവം വളരെ ചെറുപ്പത്തിലേ വളർന്നുവരികയും പിൽക്കാലത്ത് അത് വികലമായ ഒരു വ്യക്തിത്വത്തിനു വിത്തുപാകുകയും ചെയ്തു.
വിശദമായ മനഃശാസ്ത്ര പരിശോധനയിൽ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നു മനഃശാസ്ത്രജ്ഞർ വിളിക്കുന്ന ഒരു വ്യക്തിത്വ തകരാറാണ് അവരുടെ ദാന്പത്യജീവിതത്തിനു താളക്കേടുണ്ടാക്കുന്നതെന്ന് എനിക്കു ബോധ്യമായി. ഈ വ്യക്തിത്വവൈകല്യത്തിന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ചും മനഃശാസ്ത്രപരമായ ചികിത്സയിലൂടെ ഇതു പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഞാൻ രണ്ടുപേരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവർ രണ്ടുപേരും ചികിത്സയോടു സഹകരിക്കാമെന്ന് ഉറപ്പു നൽകി.
ക്ലിനിക്കൽ സൈക്കോളജിയിലെ വിപ്ലവാത്മക ചികിത്സയായി അറിയപ്പെടുന്ന ബിഹേവിയർ തെറാപ്പിയും കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക്കും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ട്രീറ്റ്മെന്റ് പാക്കേജിന് ഞാൻ രൂപകൽപന നൽകി. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തെറാപ്പി സിസ്റ്റമാറ്റിക്, ഡിസെൻസിറ്റൈസേഷൻ, തോട്ട് സ്റ്റോപ്പ് ടെക്നിക്സ്, ജിഎസ്ആർ ബയോഫീഡ് ബാക്ക് മുതലായ ചികിത്സാരീതികളിലൂടെ ആ ടീച്ചറിന്റെ രോഗലക്ഷണങ്ങൾ പടിപടിയായി കുറച്ചതിനു ശേഷമാണ് അവർക്ക് ദാന്പത്യ കൗണ്സലിംഗ് നൽകിയത്.
ന്യായീകരിക്കാതെ, തർക്കിക്കാതെ പ്രശ്നങ്ങളെ വസ്തുനിഷ്ഠമായ ഉൾക്കാഴ്ചയോടെ നോക്കിക്കാണാനുള്ള ഒൗചിത്യം ഇരവരും നേടിയപ്പോൾ ദാന്പത്യകൗണ്സലിംഗിൽനിന്നു പാഠങ്ങൾ പഠിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടാൻ ഇരുവരുടെയും മനസ് സജ്ജമായി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും മാധുര്യം നുണഞ്ഞ് ഇന്ന് അവർ സന്തോഷത്തോടെ ജീവിക്കുന്നു.
പങ്കാളിയുടെ ഗുരുതരമായ വ്യക്തിത്വവൈകല്യം എങ്ങനെ ദാന്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മുകളിൽ പറഞ്ഞ കേസ്.
പല ദാന്പത്യകേസുകളും മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കുന്പോൾ മനസിലാവുന്നതിൽ നിന്ന് വ്യക്തമാകുന്നത് പങ്കാളികളിൽ ഏതെങ്കിലുമൊരാൾക്ക് ഉള്ള പഴ്സണാലിറ്റി ഡിസോർഡറാണ് അവരുടെ ജീവിതപ്രയാണത്തിൽ ആരോഗ്യകരമായ ജീവിതത്തിനു തടസം സൃഷ്ടിക്കുന്നതെന്നതാണ്.
പലപ്പോഴും വ്യക്തിവികസനത്തിന്റെ വഴിയിൽ ഉണ്ടാകുന്ന വികലമായ സ്വാധീനങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സബ്കോണ്ഷ്യസ് പ്രോഗ്രാമിംഗ് കോണ്ഷ്യസ് മൈൻഡിന്റെ പ്രോഗ്രാമിംഗിനെയും അവരുടെ ക്വാണ്ടം ബയോളജിയെയും വരെ താറുമാറാക്കുന്നു എന്നതാണ്.
ഇത്തരം കേസുകളിൽ സബ്കോണ്ഷ്യസ് റീപ്രോഗ്രാമിംഗും റിഅഫർമേഷൻസും നടത്തി മനസിനെ ആരോഗ്യസ്ഥിതിയിലേക്കു പുനഃസ്ഥാപിക്കാൻ തീർച്ചയായും കഴിയും. രോഗിയുടെ നിസീമമായ സഹകരണമാണ് സൗഖ്യത്തിന്റെ വിജയരഹസ്യം എന്ന് ഓർമിക്കുക.
ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ,അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.കോട്ടയം 686 016 ഫോണ് നന്പർ