പ്രദീപ് ഗോപി
ഭാര്യഭര്‍ത്യ ബന്ധങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ആണ് കുടുംബ ബന്ധങ്ങളെ സാരമായി ബാധിക്കുന്നത്.
ഇതു പിന്നീടു പലവിധ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നു. സാമൂഹിക വളര്‍ച്ചയില്‍ വിവാഹത്തിനും കുടുംബ ജീവിതത്തിനും ഉയര്‍ന്ന സ്ഥാനമാണ് ഉള്ളത്.
എന്നാല്‍, ആധുനിക കാലഘട്ടത്തില്‍ ദാമ്പത്യത്തിലും കുടുംബ ബന്ധങ്ങളിലും പല തരത്തിലുള്ള മാറ്റങ്ങളും ഉളവായതായി കാണാന്‍ കഴിയും.
ദാമ്പത്യം ഇന്നു കെട്ടുറപ്പില്ലാത്ത ബന്ധമായി. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്.
കുടുംബബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളും കെട്ടുറപ്പില്ലായ്മയും ശാസ്ത്രീയമായി പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാവും ഫലം. ഭാര്യഭര്ത്താക്കന്മാര്ക്കിടയിലെ സംഘർഷങ്ങൾ ശാരീരികവും മാനസികവും ആകാം.
ശാരീരിക സംഘര്‍ഷം പങ്കാളികള്‍ തമ്മിലുള്ള മാനസികശാരീരിക അകല്‍ച്ചയ്ക്ക് ആക്കം കൂട്ടും. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, പരസ്ത്രീപുരുഷ ബന്ധങ്ങള്‍, മറ്റു ദുഷിച്ച പ്രവണതകള്‍ എല്ലാം ഇതിനു കാരണമാകും.
ദാമ്പത്യ ബന്ധം സുദൃഢമാക്കുന്നതില്‍ വളരെ പ്രധാനമാണ് കിടപ്പറയിലെ സ്നേഹവും സഹകരണവും. കിടപ്പറയിലെ പൊരുത്തക്കേടുകള്‍ ദാമ്പത്യത്തെ തകർക്കുന്ന മറ്റൊരു ഘടകമാണ്.
മാനസികമായ പൊരുത്തമില്ലായ്മ ശാരീരികമായ അകൽച്ചയും സൃഷ്ടിക്കും. അതുപോലെത്തന്നെയാണ് പങ്കാളികളില്‍ ആര്‍ക്കെങ്കിലും സംഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങള്‍.
ചെറുതും വലുതുമായ മനോശാരീരിക പ്രശ്നങ്ങള്‍ കുടുംബബന്ധത്തെ ബാധിക്കാറുണ്ട്.
പങ്കാളിയെ മാനസികമായി അകറ്റാനും ഇതു കാരണമാകും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വളര്‍ന്നുവരുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് മറ്റൊരു വില്ലൻ.
സാമ്പത്തിക തകര്‍ച്ചയില്‍ കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയും പ്രതിസന്ധികള്‍ ഉളവാകുകയും ചെയ്യും.
കൂടാതെ പങ്കാളിയുടെ വിവാഹേതര ബന്ധങ്ങളോ വിവാഹപൂര്‍വ ബന്ധങ്ങളോ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പങ്കാളികള്‍ തമ്മില്‍ അവിശ്വാസത്തിനു കാരണമാവുകയും ചെയ്യും.
കുടുംബാംഗങ്ങളുമായുള്ള സംഘർഷം
മറ്റൊന്ന് ഭാര്യാഭര്ത്താക്കന്മാരുടെ കുടുംബാംഗങ്ങളുമായുള്ളസ സംഘര്‍ഷങ്ങളാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ പൊതുവെ കണ്ടുവരുന്നത് ഭാര്യഭര്‍തൃ മാതാപിതാക്കളുമായോ സഹോദരീ സഹോദരന്മാരുമായോ മറ്റു കുടുംബാംഗങ്ങളുമായോ ആണ്.
ഇവ പരിധി വിടുമ്പോള്‍ ഭാര്യഭര്‍തൃ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉളവാകും. അതുപോലെത്തന്നെ പ്രായമായ കുടുംബാംഗങ്ങളെ പരിചരിക്കുന്ന കാര്യത്തിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തിലും ഭാര്യഭര്ത്താക്കന്മാര്ക്കിടയില് സംഘര്‍ഷം സാധാരണമാണ്.
പങ്കാളികള്‍ പരസ്പരധാരണയോടെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു സഹകരിക്കുകയാണെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
പഴയ കാലത്തില്‍നിന്നു വ്യത്യസ്തമായി കുടുംബത്തിന്റെ പരമ്പരാഗത ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്. പഴയ കാലത്തെ വലിയ കൂട്ടുകുടുംബം ഇന്നു കാണാന്‍ കഴിയില്ല.
പകരം ചെറിയ കുടുംബമാണ്. അതിന് അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ചെറുകുടുംബം അഥവാ അണുകുടുംബം പലവിധ പ്രശ്നങ്ങളാലും പ്രയാസങ്ങളാലും സംഘര്‍ഷ പൂരിതമായിരിക്കും.
കൂട്ടുകുടുംബമാണെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ അവര്‍ക്കു കഴിയും.
പരസ്പരമുള്ള സംഭാഷണങ്ങളിലൂടെയും കൊടുക്കല്‍ വാങ്ങലിലൂടെയും ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടും.
എന്നാല്‍, അണുകുടുംബത്തില്‍ എല്ലാ പ്രശ്നങ്ങളും തനിച്ചു പരിഹരിക്കേണ്ടതായി വരും. ഇതു മനോശാരീരിക സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
തുല്യാവകാശം
അണുകുടുംബത്തില്‍ പങ്കാളികളുടെ വേര്‍പിരിയലും വിവാഹമോചനവും എളുപ്പത്തില്‍ സംഭവിക്കുന്നു.
ആധുനിക സമൂഹത്തില്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങളോ വര്‍ഷങ്ങളോ പിന്നിടുമ്പോഴേക്കും വിവാഹമോചനത്തിനുള്ള തയാറെടുപ്പിലാവും ദമ്പതികള്‍.
പരസ്പരം സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും കഴിയാത്തതാണ് വേര്‍പിരിയലിനുള്ള കാരണം. കുടുംബത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശവും അധികാരവും പുരുഷനും സ്ത്രീക്കുണ്ട്.
വീടിനകത്താണെങ്കില്‍ പോലും പുരുഷാധിപത്യം ഉടലെടുത്താല്‍ അവിടെ സംഘര്‍ഷം ഉളവാകുന്നു. തുടര്‍ന്ന് സംഭവിക്കുന്ന ശാരീരിക പീഡനങ്ങളോ ഒക്കെ പങ്കാളിയില്‍ മനോശാരീരിക പ്രശ്നങ്ങള്‍ക്കു കാരണമാകും.
തുടര്‍ന്ന് ഇത് വിവാഹമോചനത്തിലേക്ക് വഴിമാറുകയാണ് ചെയ്യുക. പിന്നീടുള്ള അവരുടെ ജീവിതം ദുസഹവും പ്രതിസന്ധികളെ പ്രതിരോധിച്ചുകൊണ്ടുള്ളതുമാകും.
ദാമ്പത്യം സുദൃഢമാക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം കൊണ്ട് സാധിക്കും. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ഹൃദ്യതയുടെ അടിത്തറയാണ് ആശയ വിനിമയം.
പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ഈഗോ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഏകപക്ഷീയമായ ആശയവിനിമയമാകും അവിടെ സാധ്യമാക്കുന്നത്.
ഭാര്യയോ ഭര്‍ത്താവോ നടത്തുന്ന ഏകാധിപത്യത്തിലധിഷ്ഠിതമായ സംഭാഷണം ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉളവാക്കുകയും ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പ്രശ്നങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യും.
പങ്കാളികള്‍ പരസ്പരം ആരോഗ്യകരമായ ആശയവിനിമയം സാധ്യമാക്കുകയാണ് വേണ്ടത്.
ഭാര്യാഭര്‍തൃബന്ധം സുദൃഢമാകണമെങ്കില്‍ പങ്കാളിയുടെ അസംതൃപ്തിയുടെ കാരണം തിരിച്ചറിയേണ്ടതുണ്ട്. ദാമ്പത്യത്തില്‍ സംഘര്‍ഷം സ്വാഭാവികമാണ്.
അത് പരിഹരിക്കാന്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാന്‍ സാധിക്കുക എന്നത് പ്രധാനമാണ്. പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ആശയവിനിമയം സാധ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.
ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഉളവാകുന്ന പ്രശ്നങ്ങളുടെ അടിവേരുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധനായ സൈക്കോളജിസ്റ്റിന്റെയോ വിദഗ്ധനായ ഒരു കൗണ്സലറുടെയേ സേവനം കൊണ്ടു തീര്‍ക്കാവുന്ന കുഞ്ഞു പ്രശ്നങ്ങള്‍ മാത്രമേ ഇവര്‍ക്കിടയില്‍ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം.
ആത്മാർഥ സ്നേഹത്തിന്റെ അഭാവം
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് നിസ്വാര്‍ഥമായി സ്നേഹിച്ചാല്‍ അല്ലെങ്കില്‍ പ്രവര്‍ത്തിച്ചാല്‍ ഏതുതരം ബന്ധവും നിലനിര്‍ത്തി പോരുവാന്‍ കഴിയും എന്നുള്ളത് പച്ചപ്പരമാര്‍ഥമാണ്.
പക്ഷേ അവിടെ മനുഷ്യന് വികാരം കൊണ്ടാണ് ചിന്തിക്കുന്നത്. വിവേകം കൊണ്ട് ചിന്തിക്കുന്നില്ല എന്നതാണ് പലപ്പോഴും പ്രശ്നം.
കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് മാറിമാറിവരുന്ന ചിന്താഗതികളും കണ്ടുപിടിത്തങ്ങളും മുന്നേറ്റങ്ങളും എല്ലാ മേഖലകളിലും കുതിച്ചുയരുകയാണ്.
എന്നാല്‍ ബന്ധങ്ങളില്‍ മാത്രം ഈ മുന്നേറ്റങ്ങള്‍ ഇല്ല. തികച്ചും സ്വാര്‍ഥപരമായ ഇടപെടലുകള്‍ കൊണ്ട് തകര്‍ച്ചയുടെ വക്കിലേക്ക് ആണ് മനുഷ്യബന്ധങ്ങള്‍ വീഴുന്നതെന്നു മാത്രം.
അകലാന്‍ കൊതിക്കുന്നവര്‍ കാരണങ്ങള്‍ തേടി കൊണ്ടേയിരിക്കും.
എന്നാല്‍ അടുക്കാന്‍ ശ്രമിക്കുന്നവര്‍ ആ കാരണങ്ങളെ മറക്കാനും മറികടക്കാനും ശ്രമിക്കും.
പേരിനു വേണ്ടി ബന്ധങ്ങള്‍ കൊണ്ടു നടക്കുന്ന കാഴ്ചയാണ് ഇന്നു നമ്മള് കാണുന്നത്.
കുടുംബബന്ധങ്ങളില്‍ ആയാലും സൗഹൃദമായാലും എല്ലാവരും അവരവരുടെ കാര്യം ലാഭത്തിനുവേണ്ടിയാണ് പല ബന്ധങ്ങളെയും നിലനിര്‍ത്തുന്നത് എന്നു വേണമെങ്കില്‍ പറയാം.
ആത്മാര്‍ഥമായ സ്നേഹത്തിന്റെ അഭാവം ആണോ ഇതിനു കാരണം. അതു കണ്ടു വളരുന്ന പുതിയ തലമുറകളും.
സ്നേഹിക്കുക, സ്നേഹിക്കപ്പെടുക, സ്നേഹം കൊടുത്തു വളര്‍ത്തുക, ഇതെല്ലാം പഠിക്കാനും പഠിപ്പിക്കാനും വേണ്ടി ഇന്ന് കൗണ്‍സലിംഗ് സെന്ററുകള്‍ ഉണ്ട്.
പ്രായഭേദമന്യേ എല്ലാവര്ക്കും സ്വന്തം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അറിയാത്ത ഘട്ടത്തില്‍ ഇങ്ങനെയുള്ള മോട്ടിവേഷന്‍ ക്ലാസുകളും കൗണ്‍സലിംഗ് സെന്ററുകളും മനുഷ്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
(അവസാനിച്ചു)