പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തിനായി തല്ലുകൂടുന്നതും കൊലപാതകംവരെ നടക്കുന്നതും നാട്ടിൽ അത്ര അപൂർവമല്ല. എന്നാൽ, ഓസ്ട്രിയയിൽനിന്നു പുറത്തുവന്ന വാർത്ത അറിഞ്ഞാൽ ഇങ്ങനെയും ആളുകളുണ്ടോ എന്നു ചിന്തിച്ച് അത്ഭുതപ്പെടും.
സംഭവം ഇങ്ങനെയാണ്: മർലിൻ ഏംഗൽഹോൺ എന്ന 31കാരിക്കു മുത്തശ്ശിയിൽനിന്നു പാരന്പര്യമായി 227 കോടിയുടെ സ്വത്ത് കൈവശം വന്നുചേരുന്നു. താൻ സമ്പാദിച്ച പണമല്ലാത്തതുകൊണ്ടു തനിക്കതു വേണ്ടെന്നും സർക്കാർ ആ സ്വത്ത് ആവശ്യക്കാർക്കു വിതരണം ചെയ്യണമെന്നും അവർ പറയുന്നു. വെറുതെ പറയുക മാത്രമല്ല, സ്വത്ത് ആർക്കൊക്കെ എങ്ങനെ വിതരണം ചെയ്യണമെന്നു തീരുമാനമെടുക്കുന്നതിനായി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ എന്ന പേരിൽ ഒരു സംഘവും രൂപീകരിച്ചു.
ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്ക്കേണ്ടതില്ല. 2008ലാണ് ഓസ്ട്രിയൻ സർക്കാർ ഈ നികുതി ഒഴിവാക്കിയത്. ഇതിനെതിരേ ആക്ടിവിസ്റ്റായ മർലിൻ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പാവപ്പെട്ട മനുഷ്യർ ജീവിക്കാനായി കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും നികുതി നൽകേണ്ടി വരുന്പോൾ, ഒരു അധ്വാനവുമില്ലാതെ പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിനു രൂപയ്ക്കു നികുതി അടയ്ക്കേണ്ടതില്ലാത്തത് വലിയ അനീതിയാണെന്നാണു മർലിന്റെ പക്ഷം.
90 ശതമാനം സ്വത്തും ഉപേക്ഷിക്കാനാണ് ഇവരുടെ തീരുമാനമെന്നാണു റിപ്പോർട്ടുകൾ. ജർമൻ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎഎസ്എഫിന്റെ സ്ഥാപകനായ ഫ്രെഡറിക് ഏംഗൽഹോണിന്റെ പിൻഗാമിയാണു മർലിൻ. 2022 സെപ്റ്റംബറിൽ മുത്തശ്ശി മരിച്ചതോടെയാണ് കോടിക്കണക്കിനു സ്വത്ത് മർലിനു പാരമ്പര്യമായി കിട്ടിയത്.