പ്രദീപ് ഗോപി
കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കുടുംബം എന്ന വാക്കിനെ നിർവചിക്കാറുള്ളത്. അച്ഛന് അമ്മ മക്കള്‍ അതാണ് കുടുംബം.
ഒപ്പം അച്ഛന്റെ മാതാപിതാക്കള്‍ കൂടെയുണ്ടാകും കുടുംബത്തില്‍. അച്ഛനും മകനും മരുമകളും കൊച്ചുമക്കളുമൊക്കെയായി ഇമ്പമുള്ള കുടുംബം.
പെണ്മക്കള് മറ്റൊരു കുടുംബത്തിലെ മരുമകളായി അവിടെയും മറ്റൊരു ഇമ്പമുള്ള കുടുംബം. ഇതൊക്കെ ഇന്ന് അന്യമായി തുടങ്ങിയോ…
കുടുംബബന്ധങ്ങളിലെ മഹത്വവും പരിപാവനതയും പരസ്പര സ്നേഹവും കരുതലും തിരിച്ചറിയാതെ പോകുന്നതിലൂടെ ഇന്നു നമ്മുടെ കൊച്ചുകേരളവും ദിവസേനയെന്നോണം സാക്ഷ്യം വഹിക്കുന്നത് കൊടുംക്രൂരതകളുടെ നേര്‍ക്കാഴ്ചകളാണ്.
പരസ്പരം രക്തബന്ധമില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ബന്ധം ഭാര്യ ഭര്‍ത്തൃ ബന്ധമാണെന്ന സത്യം പലരും മനസിലാകാതെ പോകുന്നു.
വിവാഹം എന്നതു വെറും പാരമ്പര്യം നിലനിര്ത്തലെന്നു മാത്രം കരുതുന്നവരുമുണ്ടോ എന്ന സംശയമാണ് സമീപകാല ചില സംഭവങ്ങളിലേക്കു വിരൽ ചൂണ്ടുന്നത്.
പഴയ ചില സിനിമകള്‍ ഓര്മ വരുന്നു. ആ സിനിമകളില്‍ നായകന്റെ കല്യാണം നടക്കാന്‍ പോകുന്നു.
പിന്നെ കാണിക്കുന്നത് നായകന്റെ വീട്ടിലേക്കു മുകളില്‍ കിടക്ക വച്ചു കെട്ടിയ കാറോ ഓട്ടോറിക്ഷയോ വരുന്ന രംഗമാകാം.
സ്വന്തം വീട്ടിലേക്ക് ഒരു കിടക്ക വാങ്ങണമെങ്കില്‍ പോലും സ്ത്രീധനം വാങ്ങിയിട്ടു വേണം എന്ന തികച്ചും മോശമായ അവസ്ഥയാണ് ആ രംഗങ്ങള്‍ നമുക്ക് കാട്ടിത്തന്നത്.
കഷ്ടം തന്നെ. സ്ത്രീധനം എന്ന സംവിധാനം നിരോധിച്ചിട്ടും ഇന്നും അതു തുടരുന്നു.
നൂറു പവനും കാറും ഏക്കര്‍ കണക്കിനു സ്ഥലവും സ്ത്രീധനമായി നല്‍കിയിട്ടും പോരാ പോരാ എന്നു പറഞ്ഞുള്ള സ്ത്രീധന പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമായാല് സഹസ്രം മതിയെന്നും… കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്ത കാലം ഓര്‍ത്തു പോകുന്നു… ഫലമോ… തുടരുന്ന ആത്മഹത്യയും കൊലപാതങ്ങളും…
മറക്കാനാകുമോ ഉത്രയെ…
കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
2020 മേയ് ആറിനാണ് ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസായിരുന്നു ഇത്.
രാവിലെ ഏഴിനു ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്നു ലോക്കല്‍ പൊലീസ് എഴുതി തള്ളിയ കേസില്‍ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊല്ലം റൂറല്‍ എസ്പിയെ സമീപിച്ചതോടെയാണ്.
ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
2018 മാര്‍ച്ച് 25നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വര്ഷത്തോടടുക്കവേ 2020 മാര്‍ച്ച് രണ്ടിന് അടൂരിലെ വീട്ടില്‍ ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നു.
അണലിയുടെ കടിയേറ്റ ഉത്ര അന്നു രക്ഷപ്പെട്ടു. എന്നാല്‍, ഈ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേല്‍ക്കുകയും യുവതി മരിക്കുകയും ചെയ്തു.
ജനലിലൂടെ വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് ഭാര്യയെ കടിച്ചതാവാമെന്നാണ് അന്നു സൂരജ് പറഞ്ഞത്.
ഇതില്‍ ആര്‍ക്കും സംശയവും തോന്നിയില്ല. പാമ്പിന്റെ പക, ശാപം തുടങ്ങിയ അന്ധവിശ്വാസ വാദങ്ങളും അന്നു പ്രചരിച്ചു.
ഇതിനിടയില്‍ സൂരജിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങളാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം തോന്നിച്ചത്.
മരണാനന്തര ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയവും ബന്ധുക്കള്‍ ശ്രദ്ധിച്ചു. പാമ്പുകളോടു സൂരജിനുള്ള ഇഷ്ടത്തെക്കുറിച്ചുള്ള വിവരവും ലഭിച്ചതോടെ ഈ സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിച്ചു.
സൂരജ് ഇടയ്ക്കിടയ്ക്കു പണം ചോദിക്കുന്നത് സംബന്ധിച്ച് ഉത്രയുടെ വീട്ടുകാരുമായി നേരത്തെ അസ്വാരസ്യമുണ്ടായിരുന്നു.
ലോക്കൽ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തി വരാഞ്ഞതോടെ അന്നത്തെ കൊട്ടരാക്കര ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ഇതു കേസില്‍ നിര്‍ണായകമായി.
പാമ്പ് പിടിത്തക്കാരനില്നിന്നു വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി.
പാമ്പിനെ നല്കിയ കല്ലുവാതുക്കല്‍ സ്വേദശി സുരേഷും അറസ്റ്റിലായി. തുടര്‍ന്നാണ് സൂരജ് നടത്തിയ ക്രൂരകൃത്യത്തിന്റെ വിവരങ്ങള്‍ പുറംലോകമറിയുന്നത്.
പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നത് സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ നിരന്തരം സൂരജ് തിരയാറുണ്ടായിരുന്നു. ആദ്യ തവണ ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതും സൂരജ് തന്നെയായിരുന്നു.
എന്നാല്‍, ഉത്ര രക്ഷപ്പെട്ടതിനാല്‍ ഇത്തവണ മരണം ഉറപ്പാക്കാനായാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്നു സൂരജ് സമ്മതിച്ചു.
സംശയം തോന്നാതിരിക്കാന്‍ ഉത്രയുടെ വീട്ടില്‍ വച്ചു തന്നെ പാമ്പ് കടിയേല്‍പ്പിക്കാന്‍ സൂരജ് തീരുമാനിച്ചു.
മരിക്കുന്നതിന്റെ തലേന്ന് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി സൂരജ് ഉത്രയ്ക്കു നല്കി. മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക് ഭരണി കട്ടിലിനടിയിലൊളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം പാമ്പിനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ടു.
എന്നാല്‍, പാമ്പ് ഉത്രയെ കടിച്ചില്ല. തുടര്‍ന്ന് പാമ്പിന്റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയില്‍ കടിപ്പിച്ചു. തുടര്‍ന്നു പാമ്പിനെ അലമാരക്കടിയിലേക്കു വലിച്ചെറിഞ്ഞു.
പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്നു ഭയന്ന് രാത്രി ഉറങ്ങാതെ ഇരുന്നെന്നും സൂരജ് പോലീസിനോടു പറഞ്ഞു.
ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു സൂരജിന് എന്നാണ് പോലീസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്ന വിവരങ്ങൾ.