സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ ഗൃഹനാഥനും ഭാര്യയും മകനുമടക്കം മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഹരിപുരം സ്വദേശി കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56), മകൻ ആദർശ് (17) എന്നിവയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം പുറത്തറിയുന്നത്.
വീട്ടുകാരെ പുറത്തുകാണാതായതിനെ തുടർന്ന് ഇവരുടെ വീടിനു സമീപത്തുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നിട്ടും കിട്ടാതായതോടെ ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇന്നലെ അർധരാത്രി 11 ന് വീടിന്റെ പിറകിലെ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്.
ആദർശ് ഹാളിലും മോഹനനും മിനിയും മുറികളിലും ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയാണ് മോഹനൻ. മരിച്ച മകൻ ആദർശ് കാറളം വിഎച്ച്എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വിദേശത്താണ്.
കാട്ടൂർ സിഐ ഋഷികേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇവർക്കു സാന്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.