തൃശൂർ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ (50), ഭാര്യ സുനി (45), ഇവരുടെ മകള്‍ ഐറിൻ (20) എന്നിവരാണ് മരിച്ചത്. സന്തോഷ് പീറ്റർ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഭാര്യയെ മുറിയിലെ ബെഡിലും മകളെ ബാത്ത്റൂമിലും മരിച്ചനിലയിൽ കണ്ടെത്തി.
കഴിഞ്ഞ ആറിനാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഇവർ റൂം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്കു പുറത്തുപോയ സന്തോഷ് വൈകുന്നേരം വരെ റൂം ആവശ്യമാണെന്ന് ലോഡ്ജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
രാത്രിയിലും ഇവർ മുറിയിൽനിന്നു പുറത്തുവരാത്തതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. അർധരാത്രിയോടെ പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സാന്പത്തികമായി ചിലർ കബളിപ്പിച്ചതാണ് മരണകാരണമെന്ന് കത്തിൽ പറയുന്നു.
ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇവർ ചെന്നൈ സ്വദേശികളാണെങ്കിലും നേരത്തെ തൃപ്പൂണിത്തുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായും പറയപ്പെടുന്നു.