കുടുംബത്തോടൊപ്പം ഒരു വിനോദയാത്രയൊക്കെ പോകാനാഗ്രഹിക്കാത്തവര് കുറവായിരിക്കുമല്ലെ. എന്നാല്‍, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാന്‍ തയാറെടുക്കുമ്പോഴെ പലർക്കും ടെൻഷനാണ്.
പ്രത്യേകിച്ച് അമ്മമാര്‍ക്ക്. അത്തരമൊരു അമ്മ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുകെ സ്വദേശിനിയായ ഈ അമ്മ പാക്ക് ചെയ്തിരിക്കുന്ന ബാഗ് കണ്ടു ഭര്‍ത്താവ് പോലും വയലന്റായി.
ടെന്‍ഷന്‍, ടെന്‍ഷന്‍
കുഞ്ഞുങ്ങള്‍ കൂടയുള്ളപ്പോഴാണ് പാക്കിംഗിന്റെ ടെന്‍ഷന്‍ അധികവും. ഓരോ കുഞ്ഞിനും ആവശ്യമായതൊക്കെ എടുത്തോ. മാറി ധരിക്കാന്‍ വേറെ ഉടുപ്പു വേണ്ടേ? വസ്ത്രത്തില്‍ ഐസ്ക്രീം വീണാലോ ഇങ്ങനെ പോകും അമ്മമാരുടെ ചിന്തകളും ആകുലതകളും. അത്തരം ചിന്തകള്‍ കൊണ്ടാണ് ഈ അമ്മയും ആറു ദിവസത്തേക്കായി “ചെറിയൊരു” ബാഗ് റെഡിയാക്കിയത്.
ഇത്രയുമല്ലെയുള്ളൂ!
തയാറാക്കി വച്ചിരിക്കുന്ന ബാഗ് കണ്ടപാടെ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ അല്പം ചീത്ത പറഞ്ഞു. ഇതില്‍ സങ്കടം വന്ന ഭാര്യ, താന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാനായി പായ്ക്ക് ചെയ്ത സാധനങ്ങളുടെ ലിസ്റ്റുമായി ഫേസ്ബുക്കിലുമെത്തി.
ആറു പേരടങ്ങുന്ന കുടുംബം ഒരാഴ്ചത്തേക്കു യാത്ര ചെയ്യുമ്പോള്‍ കുറച്ചു വലിയ ബാഗ് ഉണ്ടാകും അതിനിത്ര ദേഷ്യപ്പെടാനെന്താ. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് അവര്‍ ചോദിച്ചിരിക്കുന്നത്.
ഏഴ് ദിവസം ഇടാന്‍ ആറാള്ക്കും ഓരോ ജോഡി വസ്ത്രം, ഏഴ് ജോടി നിക്കര്‍, കമ്പിളിക്കുപ്പായം, ഷാള്‍, പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ഉടുപ്പുകള്‍, അഞ്ച് പൈജാമകള്‍, പിതിന്നാല് അടി വസ്ത്രങ്ങള്‍, മൂന്നു നീന്തല്‍ വസ്ത്രങ്ങള്‍, എന്നാല്‍ സ്യൂട്ട് കേസില്‍ ഏറ്റവും കൂടുതല്‍ സ്ഥലം അപഹരിച്ചിരിക്കുന്നതെന്താണെന്നോ? ടവ്വല്‍.
ഒരാള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി മൂന്നു ടവ്വല്‍ വീതമാണ് പാക്ക് ചെയ്തിരുന്നത്. ഒരെണ്ണം നീന്താന്‍, ഒരെണ്ണം സാധാരണ ഉപയോഗത്തിന്, ഒരെണ്ണം കടലില്‍ ഇറങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ എന്നിങ്ങനെ.
ഈ കെട്ടു കണ്ടു നിരവധി പേരാണ് കമന്റുമായി എത്തിയത്. ഭര്‍ത്താവ് വഴക്കു പറഞ്ഞില്ലെങ്കിലെ അതിശയമുള്ളു എന്നാണ് പലരുടെയും അഭിപ്രായം.