ചെങ്ങന്നൂർ: വാടക നൽകാൻ വകയില്ലാതെ വീട് വിട്ടതിനെത്തുടർന്ന് ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളും ശരണമാക്കിയ കുടുംബത്തിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുണയാകുന്നു.
രണ്ടു പതിറ്റാണ്ടായി വാടകവീടുകളിൽ താമസിച്ചു വരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശി പി.ആർ. സന്തോഷ് (48), ഭാര്യ ഷീല (43), പതിനെട്ടുകാരിയായ മകൾ, പതിമൂന്നുകാരനായ മകൻ എന്നിവർക്ക് ഒന്നിച്ചു പാർക്കാനാണ് കരുണ വീടൊരുക്കുന്നത്.
ടൈൽസ് പണിക്കാരനായിരുന്ന സന്തോഷിനു പ്രമേഹം മൂർച്ഛിച്ചതിനെതുടർന്ന് ഇരുകാലുകളിലും വ്രണമായതിനാൽ ജോലിക്കു പോകാനാകാത്ത അവസ്ഥയിലാണ്. നാലു മക്കളിൽ മൂത്തമകളുടെ വിവാഹം കഴിഞ്ഞു.
രണ്ടാമത്തെ മകൾ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. വാടക കുടിശികയായതിനെത്തുടർന്ന് മുളക്കുഴയിലെ വാടകവീട്ടിൽനിന്ന് ഒരുമാസം മുൻപ് ഇറങ്ങേണ്ടി വന്നതിനെത്തുടർന്ന് മറ്റു മക്കൾക്കൊപ്പം ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളിലുമാണ് ഇവർ അന്തിയുറങ്ങിയിരുന്നത്.
സന്തോഷിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ പത്തനാപുരം ഗാന്ധിഭവൻ ഇവരെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ, സന്തോഷിന്റെ രോഗാവസ്ഥ മൂലവും കുട്ടികളോടൊപ്പം താമസിക്കേണ്ടതിനാലും ഇവർ ക്ഷണം നിരസിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട കരുണ ചെയർമാൻ മന്ത്രി സജി ചെറിയാന്റെ നിർദേശത്തെതുടർന്ന് വെൻസെക്ക് ചെയർമാൻ കോശി സാമുവേൽ വെൺമണി ചാങ്ങമലയിലുള്ള വെൻസെക്ക് ഭവനം സന്തോഷിനു നൽകുകയായിരുന്നു. ഇന്നുച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ മന്ത്രി കൈമാറും.