കേളകം: കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടിൽനിന്നുമൊക്കെ പച്ചക്കറി വന്നില്ലെങ്കില്‍ കേരളം സ്തംഭിക്കുമെന്നു പറയുന്നവരോട് അടയ്ക്കാത്തോട്ടിലെ പടിയേകണ്ടത്തില് തോമസിന്റെ ഭാര്യ പ്രിന്‍സിക്ക് ഒന്നേ പറയാനുള്ളൂ “നമുക്കു വേണ്ട പച്ചക്കറികള്‍ ചുരുങ്ങിയ ദിവസംകൊണ്ട് നമുക്കുതന്നെ ഉത്പാദിപ്പിക്കാം’.
മൈക്രോ വെജിറ്റബിള്‍ ഫാമിംഗ് എന്ന കൃഷിരീതിയിലൂടെയാണ് പ്രിന്‍സി ഇക്കാര്യം അടിവരയിടുന്നത്. നമ്മുടെ കൈയിലുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ മുളപ്പിച്ച് കറിവയ്ക്കാമെന്നതാണ് മൈക്രോ വെജിറ്റബിള്‍ ഫാമിംഗിന്റെ പ്രത്യേകത. ഒരുപിടി പയറ് ഒരു ചെറിയ ബെയ്സിനില്‍ പരുത്തിത്തുണി ഇട്ടതിനുമുകളില് കുതിര്‍ത്തുവയ്ക്കുക.
നിത്യേന രണ്ടു മണിക്കൂര്‍ ഇളംവെയില്‍ വീടിനുള്ളില്‍ത്തന്നെ കൊള്ളിക്കുക. ആറു ദിവസം കൊണ്ട് വിളവെടുക്കാനാകും. ഇലയോടുകൂടിയ തണ്ട് അരിഞ്ഞ് തോരനായോ, മുട്ട ചേര്‍ത്ത് ഫ്രൈയാക്കിയോ ഉപയോഗിക്കാം. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഈ ഇലക്കറികള്‍.
വന്‍പയര്‍, ഉലുവ, മുതിര തുടങ്ങി എല്ലാ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഇത്തരത്തില്‍ മുളപ്പിച്ച് ഇലക്കറികളാക്കാം. പച്ചക്കറി നടാന്‍ സ്ഥലമില്ലെന്ന് പരിതപിക്കുന്നവര്‍ക്കും വിഷമടിച്ച പച്ചക്കറികളില്‍നിന്ന് മോചനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ രീതി അവലംബിക്കാം.