സിനിമാതാരങ്ങളോടുള്ള ആരാധന പലപ്പോഴും ആളുകളെ വിചിത്രമായ മാനസികാവസ്ഥയില്‍ എത്തിക്കാറുണ്ട്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനും അവര്‍ക്ക് നന്മയുണ്ടാകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും വേണ്ടി വിചിത്രമായ പല കാര്യങ്ങളും ആരാധകര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ നടന്നത് വിചിത്രവും അതീവ ഭീതിജനകവുമായ ഒരു സംഭവമാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി തുളച്ച് ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ മുഖേന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താരങ്ങള്‍ മുന്‍ കൈ എടുക്കാത്തതും വളരെ ദൗര്‍ഭാഗ്യകരമാണ്. പാല്‍ അഭിഷേകത്തിനായി കട്ടൗട്ടില്‍ കയറിയ ഒരു യുവാവ് വീണ് മരിച്ച സംഭവം മുമ്പ് കേരളത്തില്‍ സംഭവിച്ചിരുന്നു. ഈ വീഡിയോ പുറത്തു വന്നതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അന്ധമായ താരാരാധനയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.