ആദ്യം നിങ്ങള്‍ സ്ത്രീവിരുദ്ധതയില്ലാത്ത സിനിമയെടുക്കൂ മിസ്റ്റര്‍ ആഷിക് അബു, സംവിധായകരെയും നടന്മാരെയും ഉപദേശിച്ച് സംവിധായകന് ചീത്തവിളി

abu 2കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച സംവിധായകന്‍ ആഷിക് അബുവിന് സോഷ്യല്‍മീഡിയയില്‍ ചീത്തവിളി. ‘ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളായ അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി’ ആഷിഖിന്റെ പോസ്റ്റ് ഇതായിരുന്നു. എന്നാല്‍, സംവിധായകന്റെ സിനിമയിലെ സ്ത്രീവിരുദ്ധ സീനുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ തൊട്ടുപിന്നാലെ രംഗത്തെത്തി.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രം സ്ത്രീവിരുദ്ധതയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. മറ്റൊരു ചിത്രമായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ഡയലോഗ് മറ്റൊരാള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലാലിന്റെ കഥാപാത്രം ശ്വേതാ മേനോന്റെ കഥാപാത്രത്തിനോട് പറയുന്ന ഡയലോഗാണത്. കളിക്കല്ലേ കളിച്ചാല്‍ ഞാന്‍ തീറ്റിക്കുമേ പച്ചമാങ്ങ, ഇത് സ്ത്രീ വിരുദ്ധമല്ലേ എന്ന ധ്വനിയുണ്ട് ആ കമന്റില്‍. വിമര്‍ശനങ്ങള്‍ക്കൊന്നും ആഷിക് മറുപടി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ആഷികിന്റെ പ്രസ്താവന ഇരട്ടത്താപ്പാണെന്നും ആരോപണം ഉണ്ട്. ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ലീല പോലൊരു ചിത്രത്തില്‍ ആശാസ്യവും മായമോഹിനിയില്‍ എത്തുമ്പോള്‍ അരോചകവും ആകുന്നത് എങ്ങനെയെന്നാണ് ഒരാളുടെ സംശയം. ചിലര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട് എന്ന തരത്തിലാണ് ആഷികിന്റെ പ്രസ്താവനയെന്നാണ് വിമര്‍ശനം. അതേസമയം സംവിധായകന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചുള്ള കമന്റുകളും പോസ്റ്റില്‍ കാണാം. ആഷികിന്റെ ഭാര്യ റിമ കല്ലിങ്കല്‍ കഴിഞ്ഞദിവസം കൈരളി ടിവിക്കെതിരേ നടത്തിയതു പോലുള്ള പ്രതികരണങ്ങള്‍ക്ക് ഇടതു സഹയാത്രികനായ ആഷിഖിന് ധൈര്യമുണ്ടോയെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു.

Related posts