കട്ടൗട്ടൊക്കെ എന്ത് ഇത് അതുക്കും മേലെ ! കട്ടൗട്ടിനേക്കാള്‍ വലിയ കട്ട ഹീറോയിസം കാണിക്കാനൊരുങ്ങി വിജയ് ഫാന്‍സ്; ‘സര്‍ക്കാര്‍’റീലീസ് ദിനത്തിലെ ഈ പരിപാടി ഏവര്‍ക്കും മാതൃക

കൊല്ലത്ത് ഇളയ ദളപതി വിജയ്‌യുടെ 180 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ച ആരാധകര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. വിജയ് യുടെ പുതിയ സിനിമ സര്‍ക്കാരിന്റെ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിച്ചും മറ്റ് ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ശ്രദ്ധ നേടുന്നു. ചങ്ങനാശ്ശേരിയിലാണ് ആരാധകര്‍ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ പോവുന്നത്. റിലീസിംഗ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൊല്ലത്ത് കട്ടൗട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.

ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണാഭരണവും വിജയ് ഫാന്‍സ് കൊടുക്കുന്നു. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു നവംബര്‍ ആറിന് രാവിലെ 10 മണിക്കാണ് വിവാഹം നടക്കുക.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയ ദളപതി വിജയ്‌യും എ.ആര്‍ മുരുഗദോസും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് നായികമാര്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തില്‍ ഒരു സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി സര്‍ക്കാര്‍ എത്തിക്കാനാണ് വിതരണക്കാരുടെ ശ്രമം. ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും. എന്തായാലും വിജയ് ആരാധകരുടെ വേറിട്ട പ്രചരണ പരിപാടി കൈയ്യടി നേടുമെന്നുറപ്പാണ്.

Related posts