ശ്രീനഗർ: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ഇന്ത്യൻ സൈന്യത്തിലെ മിടുക്കനായ നായ ഫാന്റം. ജമ്മു കാഷ്മീർ അഖ്നൂരിലെ സുന്ദർബനി സെക്ടറിൽ സൈന്യം തെരച്ചിൽ നടത്തുന്പോഴാണു ഭീകരരുടെ വെടിയേറ്റ് നാലു വയസുള്ള ആൺ നായ ഫാന്റത്തിനു ജീവൻ നഷ്ടമാകുന്നത്.
ബെൽജിയം മാലിനോയിസ് വംശജനായ നായയായിരുന്നു ഫാന്റം. 2020 മേയ് 25ന് ജനിച്ച ഫാന്റം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും കലാപവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന പരിശീലനം ലഭിച്ച നായ്ക്കളുടെ പ്രത്യേക ആക്രമണവിഭാഗമായ K9 യൂണിറ്റിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ വർഷം ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ സൈനികന്റെ ജീവൻ രക്ഷിക്കുന്നതിനിടെ ആറുവയസുള്ള നായ “കെന്റ്’ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഓപ്പറേഷനുകളിൽ പങ്കെടുത്ത മിടുക്കനായ നായയായിരുന്നു കെന്റ്.