കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ അറസ്റ്റ് ചെയ്ത അവസരത്തില്‍ ഉണ്ടായ ഞെട്ടല്‍ വെറുപ്പിലേയ്ക്ക് വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ദിലീപ് തങ്ങളോട് ചെയ്ത ക്രൂരത എന്ന രീതിയില്‍ സിനിമാ മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചില പ്രസ്താവനകള്‍ ദിലീപിന്റെ ശത്രുക്കള്‍ക്ക് പോലും വിശ്വസിക്കാന്‍ പ്രയാസമുള്ളവയായിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ വിട്ട് രണ്ടാം ദിവസമായതോടെ ആളുകളുടെ മനോഭാവം കീഴ്‌മേല്‍ മറിയുന്ന കാഴ്ചയാണ് കാണാനായത്. ദിലീപ് നിരപരാധിയാണെന്ന രീതിയില്‍ നിരവധിയാളുകള്‍ സംസാരിച്ചു. എന്നാല്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന നിരവധി കുറിപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് നിര്‍മ്മാതാവ് ഫരീദ് ഖാന്‍ പങ്കുവച്ചത്. കണ്ണുനനയാതെ ആ അനൂഭവക്കുറിപ്പ് വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. അതിങ്ങനെയാണ്…
”നന്ദി ദിലീപേട്ടാ, ഇന്നലെ എന്റെ കുഞ്ഞിന്റെ ആറാം പിറന്നാള്‍ ആശുപത്രിയില്‍വച്ച് ആഘോഷിച്ചു. രക്താബുര്‍ദത്തിന് ചികിത്സ തേടുകയാണ് എന്റെ മകന്‍. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് ഡിസ്ചാര്‍ജും ചെയ്തതാണ്. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവന്‍ വളരെ അവശനായിരുന്നു, ഒരുപാട് വേദനയും ഉണ്ടായിരുന്നു. ആ സമയം മാധ്യമങ്ങള്‍ അങ്ങയുടെ അറസ്റ്റ് ആഘോഷിക്കുകയാണ്.
മലയാളം ഇന്‍ഡസ്ട്രിയുടെ ചെറിയ ഭാഗമായതിനാല്‍ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടന്നാണ് എന്റെ കുട്ടി നിങ്ങളെ ടിവിയില്‍ കാണുന്നത്. അവന്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘പപ്പ അത് ഉല്ലാസ് അല്ലേ( ടു കണ്ട്രീസിലെ ദിലീപേട്ടന്റെ കഥാപാത്രം). അവന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. അവന് നിങ്ങളുടെ ശരിയായ പേര് അറിയില്ല. ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോള്‍ അവന് കുറച്ച് എനര്‍ജി കിട്ടി. ഉല്ലാസിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന് കുറച്ച് സമാധാനം ലഭിച്ചു.നിങ്ങള്‍ ഒരു നടനാണ്, ക്രിമിനല്‍ അല്ല, മാധ്യമം കോടതിയല്ല, ദിലീപിനെ പിന്തുണയ്ക്കുന്നു’. തൃശിവപേരൂര്‍ ക്ലിപ്തം, അമേന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് ഫരീദ് ഖാന്‍.