ന്യൂഡൽഹി: ഫരീബ അകേമി എന്ന നാൽപതുകാരി അത്ര വഴങ്ങാത്ത ഹിന്ദിയിൽ തന്റെ ദുരിത ജീവിതം പറയുന്പോൾ മുറിവേറ്റ ഒരു നാടിന്റെ വിലാപങ്ങൾ കൂടിയാണ് പുറത്തു വരുന്നത്.
കൈയിലും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ തുന്നിക്കെട്ടിയ വടുക്കളും ഇടതു കൈയിൽ അനക്കമില്ലാതെ മരിച്ചു കിടക്കുന്ന രണ്ടു വിരലുകളും അവർ അതുവരെ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നേർക്കാഴ്ചകളാണ്.
അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളിലെന്നായ ഹിരാത്തിൽനിന്ന് ഒരു ദിവസം അതുവരെയുള്ള തന്റെ സന്പാദ്യം മുഴുവൻ രണ്ട് പെട്ടികളിൽ കുത്തി നിറച്ച് രണ്ടു പെണ്മക്കളുടെ കൈയും പിടിച്ച് അഭയം തേടി ഇന്ത്യയിലെത്തിയതാണ് ഫരീബ അകേമി.
അഭയാർഥി തിരിച്ചറിയിൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോവിഡ് പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലുമായി.
ഡൽഹിയിലെ ഒരു ജിമ്മിൽ പരിശീലകയായി ജോലി ചെയ്തു വരികയായിരുന്നതിനിടയൊണ് കോവിഡ് വ്യാപകമായതും തൊഴിൽ നഷ്ടപ്പെട്ടതും.
അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്ത കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ ഫരീബ ഒരു പോള കണ്ണടച്ചിട്ടില്ല.
കുടുംബത്തെ മൊത്തം കൊന്നു കളയുമെന്നു താലിബാൻ അച്ചടിച്ചു നൽകിയ ഒരു മരണവാറന്റിന്റെ പകർപ്പ് കൈയിലുണ്ട് എന്നതാണ് അതിനു കാരണം.
എവിടെയൊളിച്ചാലും തങ്ങളെ കണ്ടുപിടിച്ചു കൊന്നു കളയുമെന്ന ഭീതിയിലാണ് ഈ അമ്മയും മക്കളും.
ഇടയ്ക്കിടെ ഹിരാത്തിലുള്ള അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ളവരോട് വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ട്. അവരും മരണഭീതിയിലാണ്.
സമാനതകളില്ലാത്ത ദുരിത കാലങ്ങളിലൂടെയാണ് ഫരീബ കടന്നു വന്നത്. പതിനാലാമത്തെ വയസിൽ തന്നേക്കാൾ 20 വയസ് മൂത്ത ഒരാളെ വിവാഹം കഴിക്കേണ്ടി വന്നു.
അതോടെ വിദ്യാഭ്യാസം മുടങ്ങി. നാലു പെണ്മക്കളുടെ അമ്മയും കൂടി ആയതോടെ ജീവിതം കടുത്ത ദുരിതത്തിലായി.
വളരെ വൈകിയാണ് ഭർത്താവ് ഒരു താലിബാൻ പോരാളിയാണെന്ന വിവരം ഫരീബ മനസിലാക്കുന്നത്. അയാൾക്ക് മയക്കു മരുന്നിന്റെ ഇടപാടുമുണ്ടായിരുന്നു.
ഒരു ദിവസം വീട്ടിലേക്ക് കയറി വന്ന ഭർത്താവ് തങ്ങളുടെ മൂത്ത മകളെ മറ്റൊരു താലിബാൻ പോരാളിക്ക് രണ്ടര ലക്ഷം രൂപയ്ക്കു വിറ്റു എന്നു പറഞ്ഞു.
പതിനാലു വയസുമാത്രമാണ് അവൾക്കുണ്ടായിരുന്നത്. വിവരം പുറത്താരോടെങ്കിലും പറഞ്ഞാൽ മറ്റു മൂന്ന് പെണ്മക്കളുടെയും ഗതി ഇതു തന്നെയായിരിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തി.
മറ്റൊരു ദിവസം ഫരീബ സ്വന്തം വീട്ടിൽ പോയി വന്നപ്പോൾ ഭർത്താവ് 12 വയസ് മാത്രമുള്ള രണ്ടാമത്തെ മകളെയും വിറ്റു കഴിഞ്ഞിരുന്നു.
പരാതിയുമായി ഫരീബ അഫ്ഗാൻ പോലീസിനെ സമീപിച്ചു. ഇതറിഞ്ഞ ഭർത്താവ് ഫരീബയെ അതിക്രൂരമായി മർദിച്ചു.
കത്തി കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളേറ്റു. വിരലുകളും അറ്റു തൂങ്ങി.
ഫരീബ വീണ്ടും പോലീസിൽ അഭയം തേടി. മാധ്യമങ്ങൾക്കു മുന്നിലും ദുരിതങ്ങൾ വിശദീകരിച്ചു. അതോടെ ഭർത്താവ് വീടും നഗരവും വിട്ട് ഒളിച്ചോടി.
അയാൾ ഒരു താലിബാൻ പോരാളി ആയിരുന്നെന്ന് അഫ്ഗാൻ പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, അതുകൊണ്ടും ഫരീബയുടെ ദുരിതകാലം കൊഴിഞ്ഞുപോയില്ല.
മൂന്നാമത്തെ മകളെയും വിൽക്കാൻ കരാറുപ്പിച്ച് ഭർത്താവ് പണം വാങ്ങിയിട്ടുണ്ടെന്നും മകളെ വിട്ടുകൊടുക്കണമെന്നും പറഞ്ഞ് ഭീഷണിയെത്തി.
അതോടെ മറ്റു രണ്ട് പെണ്കുട്ടികൾക്കുണ്ടായ ദുരനുഭവം ഇളയ പെണ്കുട്ടികൾക്ക് ഉണ്ടാകരുതെന്ന് ഉറപ്പിച്ച ഫരീബ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ഫരീബ അഫ്ഗാൻ വിട്ടതിനുപിന്നാലെ തന്നെ താലിബാൻ അവരുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
കൊന്നുകളയും എന്നു പറഞ്ഞ് മരണ വാറന്റും എഴുതിനൽകി. സ്ത്രീകൾക്ക് എല്ലാ സുരക്ഷയും നൽകമെന്നു താലിബാൻ ഇപ്പോൾ പറയുന്നുണ്ടെങ്കിലും വിശ്വസിക്കാനാവില്ലെന്നു ഫരീബ പറയുന്നു.
സെബി മാത്യു