സ്വന്തം ലേഖകൻ
മുക്കം: ആധുനിക സാങ്കേതിക വിദ്യയിൽ അനുദിനം പുതിയ കണ്ടുപിടുത്തങ്ങളുമായി ലോകം മുന്നേറുന്പോൾ ആ നിരയിലേക്കിതാ ഒരു കൊച്ചു മിടുക്കനും. വാഴക്കാട് എടവണ്ണപ്പാറ സ്വദേശിയായ ഫർഹാൻ ഫാദിയെന്ന അഞ്ചാം ക്ലാസുകാരനാണ് റോബോട്ടുകളെ നിർമിച്ച് വ്യത്യസ്തനാകുന്നത്.
ഈ ചെറുപ്രായത്തിൽ തന്നെ മൂന്ന് വ്യത്യസ്ത റോബോട്ടുകൾ ഈ മിടുക്കൻ നിർമിച്ചു കഴിഞ്ഞു. നാലാം ക്ലാസിൽ പഠിക്കുന്പോൾ ടെക്നോജിനിയസ് റോബോട്ടിക്സ് എന്ന സ്ഥാപനത്തിന്റെ നോട്ടീസ് വായിക്കാനിടയായതാണ് ഫർഹാന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
റോബോട്ടിക്സിലെ പരീക്ഷണങ്ങളാണ് ഫർഹാന്റെ ഒഴിവു സമയങ്ങളിലെ വിനോദം. ഗാർ ബോർട്ട്, അക്വറൈസർ, കിക്കർ റോബോ റൈസർ, എന്നീ റോബോട്ടുകളേയും ലൈൻ ഫോളർ, ഒബ്രിക്സി റക്ടർ, തുടങ്ങിയവയും പ്രോഗ്രാം ചെയ്ത് കൊണ്ട് അറിവിന്റെ പുതു ലോകം തീർക്കുകയാണ് ഈ 10 വയസുകാരൻ.
ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ എക്സിബിഷനായ മാസ്റ്റർ മൈൻഡിൽ പങ്കെടുത്ത് ഫൈനലിലെത്താനും ഫർഹാന് സാധിച്ചു. ചേട്ടൻമാരോടൊപ്പം മത്സരിച്ച് അഴുക്കുചാലിലെ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണമാണ് അന്ന് ഫർഹാൻ നിർമിച്ചിരുന്നത്. ഒഴിവു സമയം വീഡിയോ ഗെയിമുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന യുവതലമുറയ്ക്ക് ഒരു പാഠപുസ്തകം കൂടിയാണ് ഫർഹാൻ ഫാദി. അധ്യാപകരായ ഫൈസൽ- ഫൗസിയ ദന്പതികളുടെ മകനാണ് ഫാദി.