പയ്യന്നൂര്‍: ആശുപത്രിയില്‍ കുട്ടിയുമായി എത്തുന്നവരോട് ചങ്ങാത്തം കൂടി സ്വര്‍ണമാലയുമായി കടന്നുകളയുന്ന യുവതി അറസ്റ്റില്‍. മാടായി മുട്ടത്തെ സുബൈദാ മന്‍സിലില്‍ ഫര്‍ഹാന(19)യെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നിന്ന് ഒരുവയസുള്ള കുട്ടിയുടെ മാലയുമായി കടന്ന യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ആശുപത്രിയില്‍ നടന്ന സമാനമായ തട്ടിപ്പുകൂടി പോലീസിന് തെളിയിക്കാനായത്.
വെള്ളിയാഴ്ച സംഭവം നടന്നത് വൈകുന്നേരം 5.15 ഓടെയാണ്.മകളുടെ ഒരുവയസുള്ള കുട്ടിയെ ഡോക്ടറെ കാണിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന പയ്യന്നൂര്‍ പെരുമ്പയിലെ അക്കാളത്ത് റഹിയാനത്തി(45)നോട് ലോഹ്യം പറഞ്ഞ് അടുത്തുകൂടിയ പ്രതി കുട്ടിയെ വാങ്ങി കൊഞ്ചിപ്പിച്ച് അല്പം കഴിഞ്ഞപ്പോള്‍ തിരിച്ചുകൊടുത്തു.
ഫര്‍ഹാന യാത്രപറഞ്ഞ് ഓട്ടോയില്‍ കയറിപോയതിന് ശേഷമാണ് കുട്ടിയുടെ മാല കാണുന്നില്ലെന്ന കാര്യം ഇവരറിയുന്നത്. വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ നിരീക്ഷണ കാമറ പരിശോധിച്ച ശേഷം മൂക്കുത്തിയിട്ട തട്ടിപ്പുകാരിയെ കണ്ടെത്താനായി നാലുപാടും പരക്കം പാഞ്ഞു.
ഉടനടിയുള്ള ഈ നീക്കത്തിലൂടെയാണ് മാല വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ പഴയ ബസ്സ്റ്റാൻഡിന് സമിപത്തെ ജ്വല്ലറിയില്‍നിന്നും തട്ടിപ്പുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതലായി ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂര്‍ സബ ആശുപത്രിയില്‍ കഴിഞ്ഞ 23ന് നടന്ന സമാനമായ മറ്റൊരു തട്ടിപ്പൂകൂടി പുറത്ത് വന്നത്. കവ്വായി സ്വദേശിനി റീനയുടെ മകളുടെ ഒന്നേമുക്കാല്പവന്റെ മാലയാണ് അന്ന് നഷ്ടപ്പെട്ടത്.
ഈ ആശുപത്രിയിലെ നിരീക്ഷണ കാമറയില്‍നിന്നും പ്രതിയെ മനസിലാക്കാന്‍ പറ്റിയെങ്കിലും കണ്ടെത്താനായില്ല. അന്ന് നഷ്ടപ്പെട്ട മാലയും പോലീസ് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്ഐ ശ്രീജിത്ത് പറഞ്ഞു.