ന്യൂഡൽഹി: ഡൽഹിയിൽ ബോളിവുഡ് നടിയുടെ ബാഗും ഫോണും കവർന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫർഹീൻ പ്രഭാകറാണ് ശനിയാഴ്ച കവർച്ചയ്ക്ക് ഇരയായത്.
ദക്ഷിണ ഡൽഹിയിലെ സർവപ്രിയ വിഹാറിൽ താമസിക്കുന്ന നടി കാർ ഓടിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട നടിയുടെ കാറിൽ നാലംഗ കവർച്ചാസംഘം അടിക്കാൻ ശ്രമിച്ചു. കാർ പാർക്ക് ചെയ്തശേഷം ഇതു സംബന്ധിച്ചു ചോദിക്കാൻ നടി ചെന്നപ്പോൾ നടിയുടെ ഡ്രൈവിംഗ് മോശമാണെന്നു പറഞ്ഞു തർക്കിച്ചു.
ഇതിനിടെ കവർച്ച നടത്തി റോഡിന്റെ എതിർവശത്തു പാർക്ക് ചെയ്ത കാറിൽ കയറി കവർച്ചാസംഘം രക്ഷപ്പെട്ടു. 16,000 രൂപ, രേഖകൾ, ഫോണുകൾ, വിലകൂടിയ വസ്തുക്കൾ എന്നിവ നഷ്ടപ്പെട്ടതായി നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കവർച്ച നടത്തി സംഘം കടന്നതോടെ ആസ്മ രോഗിയായ നടി റോഡിൽ ബോധം കെട്ടുവീണു. ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഇവരെ സഹായിക്കാൻ എത്തിയത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലീസ് എത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നു പോലീസ് അറിയിച്ചു.
ഡൽഹിയിൽ കുപ്രസിദ്ധരായ തക് തക് എന്ന കവർച്ചാ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്.