രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളം മേട്ടിൽ ഫാംഹൗസ് ജീവനക്കാരനായ പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചത് കൊല്ലപ്പെട്ടയാളിന്റെ ഭാര്യ. സംഭവത്തിനു ശേഷം കാണാതായ റിജോഷിന്റെ ഭാര്യ ലിജിയാണ് കേസ് വഴി തിരിച്ചു വിട്ട് പ്രതിയെ രക്ഷപ്പെടുത്താൻ നീക്കം നടത്തിയത്. കേസിൽ പ്രതിയായ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദും (25) ഇയാളുടെ സുഹൃത്തുക്കളുമായി ചേർന്നാണ് പദ്ധതി തയാറാക്കിയത്.
ഫഹദിനെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ ശാന്തന്‍പാറ പോലീസിൽ പരാതി നൽകിയതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വിളി വന്നിരുന്നു. ഇത് റിജോഷാണ് വിളിച്ചതെന്നായിരുന്നു ലിജി പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ ഫഹദിന്റെ സുഹൃത്തുക്കളുടെ ഫോണിൽ നിന്നാണ് വിളിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ലിജിയുടെ ശ്രമം പാളി. ഫോണുകളുടെ ഉടമകളെ തേടിയുള്ള അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഇതോടെ പോലീസ് പിടിയിലാകുന്നതിനു മുൻപ് കാമുകനുമൊത്ത് ലിജി മുങ്ങി.കുറ്റകൃത്യം മറയ്ക്കാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചതിനും ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ കൊലപാതകത്തിൽ ലിജിക്കു പണ്ടുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. റിജോഷിനെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമിച്ചതായും ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. വയറിലും കാലുകളിലും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തുണിയോ കയറോ പോലെയുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതായാണ് പോസ്റ്റ്്മോർട്ടത്തിൽ വ്യക്തമായത്. മറ്റു മുറിവുകളോ ചതവുകളോ ശരീരത്തിൽ കണ്ടെത്താനായില്ല.
കൊലപാതക കേസിൽ പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയേയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്പോഴും ഇവർ എവിടെയെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന് പോലീസിന്റെ വിശദീകരണം. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്ത് നിർമിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിലാണ് കഴിഞ്ഞ ദിവസം റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതായത്. ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾഖാദർ (31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതാകുകയും ചെയ്തു. പിന്നീട് വസീം കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
അന്വേഷണം പുരോഗമിച്ചതോടെയാണ് കഴിഞ്ഞ നാലിന് ലിജിയും വസീമും കുട്ടിയുമായി നാടുവിട്ടത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ റിജോഷിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. അറസ്റ്റിലായ ഫിറോസിനെ ഇന്നു കോടതിയിൽ ഹാജരാക്കും.