രാജകുമാരി (ഇടുക്കി) : ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ കൃത്യത്തിനായി ഏറെ നാളത്തെ ആസൂത്രണം നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഒളവിലിരുന്ന് പ്രതി പുറത്തു വിട്ട വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ സഹായകരമാകുന്ന സൂചനകളും ലഭിച്ചു.
ഒരാഴ്ച്ച മുൻപ് കാണാതായ പുത്തടി മുല്ലുർ റിജോഷി (31) ന്റെ മൃതദേഹമാണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്ത് നിർമിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾഖാദർ (31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതായിരുന്നു.
ലിജിയും കാമുകനായ വസിമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.എന്നാൽ ഇതിനിടെയാണ് വസീം കുറ്റസമ്മതത്തിന്റെ വീഡിയോ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെടാതിരിക്കാൻ സ്വന്തം സിംകാർഡ് ഉപയോഗിക്കാതെ ഒരു ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് വീഡിയോ സന്ദേശം അയച്ചതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
വീഡിയോ കോളിന്റെ ഉറവിടം കണ്ടെത്താനായി ശാസ്ത്രീയ അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. വസീമിനൊപ്പം ലിജിയുണ്ടെയെന്ന ഇതു വരെ വ്യക്തമായിട്ടില്ല.ഇരിങ്ങാലക്കുട സ്വദേശിയുടെ വക ഫാംഹൗസിലെ ജീവനക്കാരനായിരുന്നു ഒരു വർഷമായി റിജോഷ്. വസിം നാലു വർഷമായി ഫാം ഹൗസിന്റെ മാനേജരാണ്. ആറ് മാസം മുൻപ് ലിജിയും ഫാമിൽ ജോലിക്ക് ചേർന്നിരുന്നു. തുടർന്ന് ലിജിയും വസീമുമായി അടുപ്പത്തിലായിരുന്നു.
കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ ശാന്തൻപാറ പോലീസിൽ പരാതി നൽകി. ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നും തന്നെ ഫോണിൽ വിളിച്ചിരുന്നതായാണ് മൊഴി നൽകിയത്. ഇതിനിടെ റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ ഉയർന്നതിനെ തുടർന്ന് ലിജിയും വസീമും പോലീസിന്റെ നിരീക്ഷണത്തിലായി.
അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. പിന്നീട് പോലീസ് അന്വേഷണം തുടങ്ങിയതോടെ കുമളി ആനവിലാസത്ത് വച്ച് ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയി. കഴിഞ്ഞ രണ്ടിന് ഫാംഹൗസിന് നൂറ് മീറ്ററോളം താഴെ മഴവെള്ള സംഭരണിയോട് ചേർന്ന് ജെസിബി ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടത്തിയിരുന്നുവെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് സമീപവാസിയായ ജെസിബി ഓപ്പറേറ്ററെ ചോദ്യം ചെയ്തപ്പോൾ സംഭരണിയ്ക്ക് സമീപം സമീപത്ത് ഒരു പശുക്കുട്ടിയെ മറവു ചെയ്തെന്നും കുഴിയുടെ ബാക്കി ഭാഗം മൂടണമെന്ന് വസിം ആവശ്യപ്പെട്ടതുപ്രകാരം താൻ കുഴി പൂർണമായി ജെസിബി ഉപയോഗിച്ച് മൂടിയെന്നും ഓപ്പറേറ്റർ പോലീസിനോട് പറഞ്ഞു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പോലീസ് മണ്ണു നീക്കി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്ത് മണ്ണിട്ടു നികത്തി നിർമാണ പ്രവർത്തനം നടത്തുന്നതോടെ ദൃശ്യം സിനിമയിലേതു പോലെ തെളിവ് പൂർണമായി ഇല്ലാതാകുമെന്നാണ് പ്രതി കണക്കുകൂട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി വസീമിന്റ സഹോദരനെയും സുഹൃത്തുക്കളെയും ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് അനുജന്റെ വാട്സാപ്പിലേക്ക് വീഡിയോ സന്ദേശം എത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്നും മരണക്കേസിൽ സഹോദരനെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നുമായിരുന്നു സന്ദേശം.
12 വർഷം മുൻപാണ് ലിജിയും റിജോഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് മൂന്നു കുട്ടികളാണുള്ളത്. ഇളയ കുട്ടി ലിജിയോടൊപ്പമുള്ളത്. മൂന്നാർ ഡിവൈഎസ്. പി രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡി വൈഎസ്പി പയസ് ജോർജ്ജ്, ശാന്തൻപാറ സിഐ ടി.ആർ. പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ. ഹണി, എസ്ഐ മാരായ പി. ഡി.അനൂപ്മോൻ, ബി.വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം .