കാഞ്ഞിരപ്പള്ളി: മേലാട്ടുതകിടി പുതുപറമ്പില്‍ ജോസ് മാനുവല്‍ (അപ്പച്ചായി,–58) കാന്താരി മുതല്‍ കരനെല്ല് വരെയുള്ള സമ്മിശ്ര കൃഷി നടത്തി ശ്രദ്ധേയനാവുകയാണ്. കാഞ്ഞിരപ്പള്ളി നഗരത്തിന് സമീപത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മേലാട്ടുതകിടി കുന്നിന് മുകളിലെ രണ്ടരയേക്കര്‍ സ്ഥലത്തുണ്ടായിരുന്ന റബര്‍ മരങ്ങള്‍ വെട്ടികളഞ്ഞാണ് വാഴയും കപ്പയും പച്ചക്കറിയും തുടങ്ങി നെല്ല് വരെ വിളയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ പാറത്തോട് പഞ്ചായത്തിലെ മികച്ച സമ്മിശ്രകര്ഷകനായി കൃഷി വകുപ്പ് തെരഞ്ഞെടുത്തു. ഇന്ന് കര്‍ഷക ദിനത്തില്‍ അപ്പച്ചായിയെ ആദരിക്കും.
വിവിധ കൃഷികളിലൂടെ രണ്ടരയേക്കര്‍ മണ്ണില്‍ പൊന്നു വിളയിക്കുകയാണ് അപ്പച്ചായി. പല ഇനത്തിലുള്ള എഴുന്നൂറോളം വാഴകള്‍ നിറഞ്ഞ തോപ്പ് കാഴ്ചയില്‍ അഴകു വിടര്‍ത്തുന്നു. ചേന, ചേമ്പ്, കാച്ചില്, മധുരക്കിഴങ്ങ് തുടങ്ങിയ നടുതല കൃഷികള്‍ക്കു പുറമേ പയര്‍, പാവല്‍, വഴുതന, ചീനി, കോവല്‍ തുടങ്ങിയ പച്ചക്കറികളും അപ്പച്ചായിയുടെ പുരയിടത്തില്‍ വിളവൊത്തു നില്ക്കുന്നു. തൊഴുത്തില്‍ അഞ്ചു പശുക്കളുമുണ്ട്. ഇവയ്ക്ക് പുല്ലിനായി തീറ്റപുല്‍കൃഷി വേറെ.
റബ്ബര്‍ വെട്ടിയ ബാക്കി ഭാഗത്ത് കൃഷിയിറക്കാന്‍ നിലമൊരുക്കിയിട്ടിരിക്കുകയാണ്. ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. പാറത്തോട് കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും സഹകരണവും അപ്പച്ചായിയ്ക്ക് പ്രോത്സാഹനമാണ്. മഴയുള്ള മൂന്നു മാസക്കാലം അരയേക്കര്‍ സ്ഥലത്ത് കരനെല്‍കൃഷി ചെയ്തു വിളവെടുക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷികളാണ് ഇദ്ദേഹത്തിന്റെ രീതി. നിലവിലുള്ള അഞ്ചു പശുക്കളെ കൂടാതെ എരുമകളെയും വാങ്ങി ഫാം വിപുലമാക്കാനാണ് അപ്പച്ചായിയുടെ ശ്രമം. കോഴി ഫാമിനും പദ്ധതിയുണ്ട്.
രാവിലെ ആറിന് പശുത്തൊഴുത്തില്‍ തുടങ്ങുന്ന അപ്പച്ചയായിയുടെ അധ്വാനം വാഴത്തോപ്പിലൂടെയും പച്ചക്കറിത്തോട്ടത്തിലൂടെയും നടുതല കൃഷികളിലും കറങ്ങിയെത്തുമ്പോള്‍ അന്തിക്ക് ആറുമണിയാകും. ഭാര്യ ആന്‍സിയും കൃഷിയില്‍ സഹായിക്കുന്നുണ്ട്. വിദ്യാര്‍ഥികളായ കൃപ (ബിവിഎസ് ആന്‍ഡ് എഎച്ച്), ക്ളെറിന്‍ (ബിഎസ്സി നഴ്സിംഗ്), മെറിന് (ബിഎസ്സി അഗ്രികള്‍ച്ചര്‍) എന്നിവരാണ് മക്കള്‍.