കടങ്ങള്‍ എഴുതിത്തള്ളിയിട്ടും ഫലമുണ്ടായില്ല! മാസങ്ങള്‍ നീണ്ട അധ്വാനത്തിനുശേഷം 2700 കിലോഗ്രാം ഉള്ളിയ്ക്ക് ലഭിച്ചത് വെറും 10,446 രൂപ; പുതുവര്‍ഷദിനത്തില്‍ ഹൃദയാഘാതം വന്ന് കര്‍ഷകന് ദാരുണാന്ത്യം

കൗണ്ട് ഡൗണുകളുമായി ന്യൂ ഇയറിനെ ആളുകള്‍ സ്വീകരിച്ചപ്പോള്‍ മരണത്തിന്റെ കൗണ്ട് ഡൗണുകളെണ്ണി ഈ ലോകത്തിലെ നരകയാതനയോട് വിട പറഞ്ഞിരിക്കുകയാണ് മധ്യപ്രദേശിലെ ബെറുലാല്‍ മാല്‍വിയ എന്ന ഒരു കര്‍ഷകന്‍. കാരണമെന്തെന്ന് ഊഹിക്കാവുന്നതുമാണ്.

ചോര നീരാക്കി താന്‍ നട്ടു വളര്‍ത്തി, വിറ്റ 2,700 കിലോഗ്രാം ഉള്ളിയ്ക്ക് 10,440 രൂപ മാത്രം ലഭിച്ചതിലുണ്ടായ ആഘാതത്തെതുടര്‍ന്നാണ് കര്‍ഷകന്‍ ഹൃദയാഘാതം വന്ന് മരിച്ചത്. അതായത് കിലോയ്ക്ക് വെറും 3.72 രൂപ. മാര്‍ക്കറ്റില്‍ വെറും 20 രൂപയാണ് ഉള്ളിയ്ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്.

മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയിരുന്നു. എങ്കിലും അതല്‍പ്പം താമസിച്ചുപോയെന്നും കര്‍ഷകര്‍ക്ക് വേണ്ടത്ര ഉപകാരമൊന്നും ഒതകുകൊണ്ട് ഉണ്ടായില്ല എന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഇത്തരം സംഭവങ്ങളില്‍ നിന്ന് അനുമാനിക്കാവുന്ന കാര്യം.

27 ക്വിന്റല്‍ ഉള്ളിയുമായി പോയ കര്‍ഷകന് വെറും 372 വീതമാണ് ഓരോ ക്വിന്റലിന് ലഭിച്ചതെന്ന് പറയുമ്പോള്‍ കര്‍ഷകരുടെ സ്ഥിതിയെക്കുറിച്ച് അനുമാനിക്കാവുന്നതാണ്. അതില്‍ മനംനൊന്താണ് നാല്‍പ്പതുകാരനായ കര്‍ഷകന് ഹൃദയാഘാതം വന്നത്. തളര്‍ന്നുവീണ കര്‍ഷകനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഉള്ളിവില തീര്‍ത്തും തകര്‍ന്നടിഞ്ഞ വാര്‍ത്ത കേട്ടപ്പോഴേ അച്ഛന് തളര്‍ച്ച ഉണ്ടായിരുന്നു എന്നാണ് ബെറുലാല്‍ മാല്‍വിയയുടെ മകന്‍ രവി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായവും ശ്രദ്ധയും ഈ വിഷയത്തില്‍ കുടുംബം ചോദിച്ചിട്ടുണ്ട്.

Related posts