രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയുള്ള വസ്തുവാണ് തക്കാളി. ഈ അവസരത്തില്‍ ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷക ദമ്പതികള്‍ 45 ദിവസത്തിനിടെ സമ്പാദിച്ചത് നാലു കോടി രൂപയാണ്.
40,000 ബോക്സ് തക്കാളി വിറ്റാണ് വലിയ തുക സമ്പാദിച്ചത്. ചന്ദ്രമൗലി എന്ന കര്‍ഷകനാണ് തക്കാളി വിറ്റ് കോടികള്‍ സമ്പാദിച്ചത്.
22 ഏക്കറിലായാണ് ഈ കര്ഷകന് ഏപ്രിലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട തക്കാളി നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിനായി ജലസേചനത്തിന് ഉള്‍പ്പടെ അതിനൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ജൂണ്‍ അവസാനത്തില്‍ വിളവ് എടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്.
15 കിലോ അടങ്ങിയ തക്കാളിയുടെ ബോക്സിന് മാര്‍ക്കറ്റില്‍ ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപവരെയായിരുന്നു വില. 45 ദിവസത്തിനുളളില്‍ നാല്‍പ്പതിനായിരം ബോക്സുകളാണ് വിറ്റത്.
22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി എല്ലാ ചെലവുകളുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്ന് കോടി രൂപ ലഭിച്ചെന്നും കര്ഷകന് പറഞ്ഞു. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. ആന്ധ്രയിലെ മദനപ്പള്ളിയില്‍ തക്കാളി വില ഇരുന്നൂറ് രൂപ കടന്നു. ഓഗസ്റ്റ് അവസാനം വരെ തക്കാളി വില മാറ്റമില്ലാതെ തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.