പൂച്ചകളെ ഇഷ്ടമല്ലാത്ത മനുഷ്യര്‍ കുറവാണെന്നു തന്നെ പറയാം.മനുഷ്യനോട് പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ് പൂച്ച.
എന്നാല്‍ ഇത്തരത്തില്‍ പൂച്ചകളെ സ്നേഹിക്കാന്‍ പോയി പണി കിട്ടിയ കഥയാണ് ഒരു കുടുംബത്തിന് പറയാനുള്ളത്.
ഇവര്‍ പൂച്ചയാണെന്ന് കരുതി കാട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്നത് പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെയാണ്.
ഹരിയാനയിലാണ് രസകരമായ ഈ സംഭവം. ഒരു കര്‍ഷകനും കുടുംബവുമാണ് കാട്ടില്‍ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്.
ഒടുവില്‍, ഹരിയാന വനം വകുപ്പ് ഈ രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെയും സുരക്ഷിതമായി അമ്മ പുള്ളിപ്പുലിയുടെ അടുത്തെത്തിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്ല ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ അടുത്തുള്ള വനത്തില്‍ പോയപ്പോള്‍ സാമാന്യം വലിയ രണ്ട് വലിയ ‘പൂച്ചക്കുട്ടികളെ’ കാണുന്നത്. അവയുമായി കുടുംബം തങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ തിരികെ എത്തി.
അവയ്ക്ക് പാല് കൊടുക്കാന്‍ തുനിഞ്ഞു. കണ്ണ് പോലും അവ ശരിക്കും തുറന്നു തുടങ്ങിയിട്ടില്ലായിരുന്നു. അതിനിടയില്‍ ചില ഗ്രാമവാസികളാണ് അത് പൂച്ചക്കുട്ടികള്‍ അല്ല, പുള്ളിപ്പുലിയുടെ കുട്ടികളാണ് എന്ന് മനസ്സിലാക്കിയത്.
ആ രാത്രി മൊത്തം രണ്ട് കുഞ്ഞുങ്ങളെയും സുരക്ഷിതമായി നോക്കിയ ശേഷം രാവിലെ കുടുംബം വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്ഥര്‍ വന്ന് കുഞ്ഞുങ്ങളെ കൊണ്ടുപോയി.
വൈകുന്നേരം ഉദ്യോഗസ്ഥര്‍ കുടുംബം എവിടെ നിന്നാണോ ആ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുവന്നത് അതേ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊണ്ടുചെന്നാക്കി.
പിന്നീട് അവയുടെ അമ്മ എത്തി എന്നും കുഞ്ഞുങ്ങള്‍ സുരക്ഷിതമായി അമ്മയ്ക്കൊപ്പം കഴിയുന്നു എന്നും ഇവര്‍ അറിയിച്ചു.