കാര്യം കാണാന്‍ കഴുതക്കാലല്ല, കളക്ടറുടെ കാലാണ് പിടിക്കേണ്ടത്! കൃഷിയ്ക്കും ജലസേചനത്തിനും ആവശ്യമായ വൈദ്യുതി നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടറുടെ കാലുപിടിച്ച് കര്‍ഷകന്‍; കണ്ണീരണിയിച്ച് വീഡിയോ

കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ഒരു കര്‍ഷകനിപ്പോഴിതാ കാര്യം കാണുന്നതിനായി കളക്ടറുടെ കാല്‍ പിടിച്ചിരിക്കുന്നു. അതാകട്ടെ ലോകത്തിന് മുമ്പില്‍ കണ്ണീര്‍ക്കാഴ്ചയുമായി. തന്റെ കൃഷിയിടത്തില്‍ ജലസേചനത്തിന് വൈദ്യുതി എത്തിക്കാന്‍ ചെറുകിട ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിക്കുന്നതിന് സര്‍ക്കാരിലേയ്ക്ക് 40,000 രൂപ അടച്ച് നാളുകള്‍ കാത്തിരുന്നിട്ടും വൈദ്യുതി ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകന്‍ കളക്ടറുടെ കാല്‍ പിടിച്ചത്.

വൈദ്യുതി കിട്ടാതെ, ജലമില്ലാതെ കൃഷിയിടം ഉണങ്ങിവരളുമെന്ന് കണ്ട കര്‍ഷകന്‍ ഒടുവില്‍ പരാതിയുമായി കളക്ടറെ തന്നെ സമീപിച്ചു. ഓഫീസില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ തുടങ്ങിയ കളക്ടറുടെ കാലില്‍ വീണ് അപേക്ഷിക്കുകയാണ് കര്‍ഷകന്‍.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കര്‍ഷകനായ അജിത് ജാതവ് ആണ് ഗതികെട്ട് കളക്ടറുടെ കാലുപിടിച്ചത്. പല തവണ കളക്ടേറ്റ് കയറിയിറങ്ങിയെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചുകിട്ടിയില്ല. വെള്ളിയാഴ്ചയാണ് കളക്ടര്‍ അനുഗ്രഹ പി. ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അജിത് കാലില്‍ വീണത്.

ട്രാന്‍സ്ഫോമറിനു വേണ്ടി പല തവണ സമീപിച്ചുവെങ്കിലും റനൗദ് വില്ലേജ് അധികൃതരും ഗൗനിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അജിത് മാത്രമല്ല ട്രാന്‍സ്ഫോമറിനു വേണ്ടി കാത്തിരിക്കുന്നതെന്നാണ് കളക്ടറുടെ മറുപടി. 50 ഓളം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വൈദ്യുതി അനുവദിക്കുന്നതില്‍ അനാസ്ഥ വരുത്തിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ ആറു മാസത്തോളം സമയമെടുക്കുന്നത് സാധാരണയാണ്. മറ്റുള്ളവരും കാത്തിരിക്കുന്നുണ്ട്. അദ്ദേഹം ഓഗസ്റ്റില്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഞായറാഴ്ച അദ്ദേഹത്തിന് കണക്ഷന്‍ നല്‍കിക്കഴിഞ്ഞുവെന്നും കളക്ടര്‍ പറയുന്നു.

വാഗ്ദാനം ചെയ്തിരുന്നതുപോലെ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ ഉടന്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. എങ്കിലും വിളകള്‍ക്ക് താങ്ങുവില ഇല്ലാത്തതും മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമല്ലാത്തതുമാണ് അവരുടെ ജീവിതങ്ങളെ ഇപ്പോള്‍ തളര്‍ത്തിക്കൊണ്ടിരിക്കുന്നത്.

Related posts