പുതുതായി വാങ്ങിയ ഭൂമിയ്ക്ക് പോക്കുവരവ് ചെയ്യുന്നതിനും ഭൂമി ഭാഗം വച്ചതിന് പ്രമാണം ആവശ്യപ്പെട്ടും എത്തിയ കര്‍ഷകനോട് കൈക്കൂലി ചോദിച്ച തഹസീല്‍ദാര്‍ക്ക് കര്ഷകന് നല്‍കിയത് എട്ടിന്റെ പണി.
ഒരു ലക്ഷം രൂപയാണ് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനായി തഹസില്‍ദാര്‍ കര്‍ഷകനോട് കൈക്കൂലിയായി ചോദിച്ചത്. അമ്പതിനായിരം രൂപ നല്കിയതിനുശേഷം ബാക്കിത്തുക മാപ്പാക്കണമെന്നും പ്രമാണങ്ങള്‍ തീര്‍പ്പാക്കിത്തരണമെന്നും കര്ഷകന് കാലുപിടിച്ച് അപേക്ഷിച്ചു. പക്ഷേ തഹസില്‍ദാര്‍ ചെവിക്കൊണ്ടില്ല. നീണ്ട് ആറ് മാസം ഈ ആവശ്യവുമായി അയാള്‍ തഹസീല്‍ദാറുടെ ഓഫീസ് കയറിയിറങ്ങി. ഒരു രക്ഷയുമുണ്ടായില്ല.
ബാക്കി അന്‍പതിനായിരം കൂടി കിട്ടാതെ പ്രമാണങ്ങള്‍ നല്‍കില്ലെന്ന് കട്ടായം പിടിച്ച തഹസീല്‍ദാര്‍ക്ക് തുടര്‍ന്ന് ഉഗ്രനൊരു പണിയാണ് കര്ഷകന് നല്‍കിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തന്റെ വീട്ടിലെ പാല്‍ക്കറവയുള്ള എരുമയുമായി കര്ഷകന് നേരെ തഹസീല്‍ദാര്‍ ഓഫിസിലെത്തി അദ്ദേഹത്തിന്റെ ഔദ്യോഗികവാഹനത്തില്‍ എരുമയെ കെട്ടിയിട്ടു. ഈ ദൃശ്യം കണ്ട അഭിഭാഷകരും, ഉദ്യോഗസ്ഥരും നാട്ടുകാരും അവിടെ തടിച്ചുകൂടി.
അവരോട് പ്രമാണത്തിന്റെ പകപ്പുയര്‍ത്തിക്കാട്ടി അയാള്‍ വിളിച്ചുപറഞ്ഞു. ‘എന്നോട് തഹസീല്‍ദാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതില്‍ പകുതി ഞാന്‍ കൊടുത്തു. ബാക്കിനല്‍കാന്‍ പണമില്ലാത്തതിനാല്‍ എന്റെ എരുമയെ ഞാന്‍ അദ്ദേഹത്തിന് ബാക്കിതുകയ്ക്കുള്ള കൈക്കൂലിയായി നല്‍കുകയാണ്.”
വിവരം കാട്ടുതീ പോലെ പടര്‍ന്നു. തഹസീല്‍ദാര്‍ ഓഫീസിനുചുറ്റും നാട്ടുകാര്‍ തടിച്ചുകൂടി. സബ് കളക്ടറും എസ്.പി യും പോലീസുമെത്തി. കര്‍ഷകന്റെ മൊഴി അവര്‍ രേഖപ്പെടുത്തുകയും വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഉറപ്പു നല്‍കുകയും ചെയ്തു. തഹസീല്‍ദാര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
മദ്ധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലുള്ള ഖരഗ്പ്പൂര്‍ തഹസീല്‍ദാര്‍ ഓഫിസിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈ സംഭവങ്ങള്‍ അരങ്ങേറിയത്. തൊട്ടടുത്ത ദേവപ്പൂര്‍ നിവാസിയായ ലക്ഷ്മി യാദവിനോടാണ് തഹസീല്‍ദാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.