ചിന്ദ്വാര: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കർഷകർ തങ്ങളുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്.
വെളുത്തുള്ളിയുടെ വില വിപണിയിൽ കുതിച്ചുയർന്ന് ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെയായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് കർഷകരെ ഒരേ സമയം സന്തോഷത്തിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്.
വെളുത്തുള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ബദ്നൂരിലെ കർഷകർ തങ്ങളുടെ ലാഭകരമായ വിളകൾ സംരക്ഷിക്കാൻ പാരമ്പര്യേതര മാർഗങ്ങൾ അവലംബിച്ചിരുന്നു. എന്നാൽ മോഷണ സംഭവങ്ങൾ ഈ കർഷകരെ അവരുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.
“നേരത്തെ, ഒരു കള്ളൻ പറമ്പിൽ നിന്ന് 8 മുതൽ 10 കിലോഗ്രാം വരെ വെളുത്തുള്ളി മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഞാൻ സിസിടിവി കാമറകൾ സ്ഥാപിച്ച് എന്റെ വയലിനെ സംരക്ഷിക്കുന്നു’. വെളുത്തുള്ളി കൃഷിക്കാരനും മൊഹ്ഖേദിലെ ബദ്നൂർ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുൽ ദേശ്മുഖ് സിസിടിവി ക്യാമറകളുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.
13 ഏക്കറിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ 25 ലക്ഷം രൂപ നിക്ഷേപിച്ച രാഹുൽ ദേശ്മുഖിന് ഇപ്പോൾ വിപണിയിൽ വെളുത്തുള്ളി വിറ്റതിന് ശേഷം ഒരു കോടിയോളം രൂപയുടെ വലിയ വരുമാനമാണ് ലഭിച്ചത്. വിളവെടുക്കാൻ ബാക്കിയുണ്ടെന്ന സാഹചര്യത്തെ മുൻനിർത്തി വിളകളുടെ സുരക്ഷയ്ക്കായി ചലിക്കുന്ന സിസിടിവി കാമറകളും സ്ഥാപിച്ചെന്നും രാഹുൽ ദേശ്മുഖ് പറഞ്ഞു.