ജെയിസ് വാട്ടപ്പിള്ളില്‍
റബര്‍ വിലയിടിവു മൂലം വര്‍ഷങ്ങളായി നട്ടംതിരിയുന്ന ചെറുകിട- നാമമാത്ര റബര്‍ കര്‍ഷകര്‍ പ്രതിസന്ധി മറികടക്കാനായി കൈകോര്‍ക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കു പൂര്‍ണ നിയന്ത്രണമുള്ള ടയര്‍ ഫാക്ടറി സ്ഥാപിക്കാന്‍ കര്‍ഷക കൂട്ടായ്മ ഒരുങ്ങുന്നു. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ടയര്‍ നിര്‍മിക്കുന്ന റബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി 100 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കും.
പെരുമ്പാവൂരിനു സമീപം ഐരാപുരം റബര്‍ പാര്‍ക്കില്‍ എട്ടേക്കറോളം സ്ഥലം വാങ്ങി അവിടെ ഫാക്ടറി സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമം അന്തിമഘട്ടത്തിലാണ്. 2020 മധ്യത്തോടെ പുതിയ ഫാക്ടറിയില്‍ ടയര്‍ ഉത്പാദനം ആരംഭിക്കത്തക്ക വിധത്തിലാണ് പ്രവര്‍ത്തനം. സ്വാഭാവിക റബര്‍ ഉപയോഗിച്ചുള്ള മറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്.
വന്‍കിട ടയര്‍കമ്പനികള്‍ സ്വാഭാവിക റബറിന്റെ വിലയിടിച്ച് ചെറുകിട കര്‍ഷകരെ വര്‍ഷങ്ങളായി ചൂഷണം ചെയ്യുന്നെന്ന തിരിച്ചറിവില്‍നിന്നാണ് കര്‍ഷകര്‍തന്നെ നിയന്ത്രിക്കുന്ന ടയര്‍ ഫാക്ടറിയെന്ന ആശയം ഉടലെടുത്തത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളുടെ ഫലമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിപണിയില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്.
ഇതും കര്‍ഷകര്‍ക്ക് വലിയ ആഘാതമായി. ഇതോടെയാണ് കര്‍ഷകര്‍തന്നെ നിയന്ത്രിക്കുന്ന ടയര്‍ ഫാക്ടറിയെന്ന ആശയത്തിന് ചിറകു മുളയ്ക്കുന്നത്. ഈയിടെ പാലായില്‍ നടന്ന റബര്‍ ഉത്പാദക സംഘങ്ങളുടെ സംസ്ഥാന യോഗമാണ് ഫാക്ടറി തുടങ്ങാന്‍ തീരുമാനിച്ചത്.
കര്‍ഷകരുടെ നിയന്ത്രണം
രണ്ടു വര്‍ഷത്തെ ചര്‍ച്ചകളും പഠനങ്ങളും പരിശീലന പരിപാടികളും നടത്തിയ ശേഷമാണു ടയര്‍ ഫാക്ടറിയെന്ന ആശയത്തിന് അടിത്തറയായത്. റബര്‍ കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് ചര്‍ച്ചകളും പഠനങ്ങളും നടത്തി. സംസ്ഥാനത്തു റബര്‍ ബോര്‍ഡിനു കീഴിലുള്ള 1647 റബര്‍ ഉത്പാദക സംഘങ്ങളിലെ കര്‍ഷകരില്‍ നിന്നു ഷെയര്‍ സ്വീകരിച്ചാണ് കമ്പനിയുടെ മൂലധനം കണ്ടെത്തുന്നത്.
ഫാക്ടറി പ്രാവര്‍ത്തികമാക്കുന്നതിന് 100 കോടിയോളം രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ബാങ്ക് വായ്പയില്ലാതെ കര്‍ഷകരുടെ കൂട്ടായ്മയില്‍നിന്നു മുഴുവന്‍ തുകയും ഓഹരിമൂലധനമായി സമാഹരിക്കും. ജര്‍മന്‍ സര്‍ക്കാരിനു കീഴില്‍ കര്‍ഷകര്‍ക്കു വിവിധ രംഗങ്ങളില്‍ പരിശീലനം നല്കുന്ന സംഘടനയായ അന്‍ഡ്രിയാസ് ഹെര്‍മസ് അക്കാഡമി(എഎച്ച്എ)യുമായി ബന്ധപ്പെട്ട് അവരുടെ നേതൃത്വത്തില്‍ കര്‍ഷകസംഗമങ്ങളും ശില്പശാലകളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യം ഇരുചക്ര- മുച്ചക്ര വാഹനങ്ങളുടെ ടയറുകള്‍ നിര്‍മിച്ചു വിപണിയിലെത്തിക്കാനാണ് ശ്രമം. ടയര്‍ വിപണിയില്‍ 60 ശതമാനവും ഇത്തരം ടയറുകളാണെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചന. കര്‍ഷകര്‍ അവരുടെ ആവശ്യത്തിന് ഈ ഫാക്ടറിയില്‍നിന്നു ടയര്‍ വാങ്ങിയാല്‍ പോലും കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
സ്വാഭാവിക റബര്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ഗുണമേന്മയേറിയ ടയര്‍ നിര്‍മിക്കാനുമാകും. പ്രതിവര്‍ഷം രണ്ടര ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ ആവശ്യമായി വരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. സംസ്ഥാനത്തെ ഉത്പാദനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു പങ്കാളിത്തമുള്ള ഫാക്ടറിയില്‍ ആവശ്യമായി വരുന്നതോടെ വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.