മൊഹാലി(പഞ്ചാബ്): കർഷകസമരത്തിന്റെ ഭാഗമായി പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താത്കാലികമായി നിർമിച്ച സമരപ്പന്തലുകൾ പൊളിച്ചുനീക്കിയാണ് പോലീസ് നടപടി.
അറസ്റ്റ് ചെയ്തു നീക്കിയ പ്രതിഷേധക്കാരെ പാട്യാല ബഹാദൂർ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. കർഷക നേതാക്കളായ ജഗ്ജിത് സിംഗ് ദല്ലേവാൾ, സർവാൻ സിംഗ് പാന്ഥർ എന്നിവർ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലാണ്.
സമരം തുടങ്ങി ഒരു വർഷത്തിനുശേഷമാണ് ശംഭു അതിർത്തി തുറക്കാൻ കഴിഞ്ഞത്. 3000 പോലീസുകാരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘർഷത്തെത്തുടർന്നു സംഗ്രൂർ, പട്യാല ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 2024 ഫെബ്രുവരി 13 മുതൽ ശംഭുവിലും ഖനൗരിയിലും കർഷകർ പ്രതിഷേധം നടത്തിവരികയായിരുന്നു. മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
സമരക്കാർക്കുനേരേയുള്ള പഞ്ചാബ് പോലീസിന്റെ നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു വ്യക്തമായെന്നും കിസാൻ മോർച്ച പ്രതികരിച്ചു.