കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കർഷകൻ ജീവനൊടുക്കി. മഴക്കുറവ് മൂലമുണ്ടായ കൃഷിനാശത്തെ തുടർന്നാണ് ആത്മഹത്യ. 55 കാരനായ കൃഷ്ണ നായിക് എന്ന കർഷകനാണ് വീട്ടിൽ തൂങ്ങി മരിച്ചത്.
കടൂർ താലൂക്കിലെ ലിംഗദഹള്ളിയിലാണ് നായിക് താമസിക്കുന്നത്. മൂന്നുലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിടങ്ങളിൽ റാഗി, ജോവർ വിളകൾ വിതച്ചെങ്കിലും മഴയില്ലാത്തതിനാൽ കൃഷി നശിച്ചു. കടൂർ താലൂക്കിൽ 40 ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ കർഷക ആത്മഹത്യയാണിത്.
സംഭവത്തിൽ സഖരായപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിനെ വരൾച്ച ബാധിതമായി സംസ്ഥാനം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്കായി അധികൃതർ ഹെൽപ്പ് ലൈനും തുറന്നിട്ടുണ്ട്.
കർണാടകയിൽ കഴിഞ്ഞ 18 മാസത്തിനിടെ 1,219 കർഷകരുടെ ജീവൻ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. ആകെയുള്ള 236 താലൂക്കുകളിൽ 194 എണ്ണത്തിലും സംസ്ഥാന സർക്കാർ വരൾച്ച പ്രഖ്യാപിക്കുകയും 4,860 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഏകദേശം 42 ലക്ഷം ഹെക്ടർ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നും 30,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.