രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി (31) നെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം അബ്ദുൾ ഖാദർ (32) രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29) എന്നിവരെ ഒരാഴ്ച്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും.
മുംബൈ പനവേലിലെ ലോഡ്ജിൽ നവംബർ ഒൻപതിന് റിജോഷിന്റെ ഇളയ മകൾ ജൊവനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പനവേൽ പോലീസ് അറസ്റ്റ് ചെയ്ത വസീമും ലിജിയും മുംബൈയിൽ ജയിലിൽ കഴിയുകയാണ്.
ജൊവാനയോടൊപ്പം വിഷം കഴിച്ച ഇരുവരും അപകട നില തരണം ചെയ്തതിനെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ശാന്തൻപാറ സിഐ .ടി ആർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നാലിന് പോലീസ് മുംബൈയിൽ ഇവർ കഴിയുന്ന ജയിലിൽ എത്തി ഇരുവരുടെയും അറസ്റ്റ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
ഒക്ടോബർ 31 മുതൽ കാണാതായിരുന്ന റിജോഷിന്റെ മൃതദേഹം ഫാം ഹൗസിൽ കുഴിച്ചുമൂടിയ നിലയിൽ നവംബർ നാലിനാണ് കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചതോടെ പ്രതികൾ ജൊവാനയുമായി ഒളിവിൽ പോയി. തുടർന്ന് അന്വേഷണം നടക്കവെ മുംബൈ പനവേലിലെ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം ഉള്ളിൽ ചെന്ന കുഞ്ഞ് പിന്നീട് മരിച്ചു. പ്രതികളെ കേരളത്തിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായാൽ മാത്രമേ റിജോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തു വരു.