മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫറൂഖ് എൻജിനിയർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതാണ് സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമില്ലാത്തവരാണ് ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും ഫറൂഖ് എൻജിനിയർ പറയുന്നു.
മുൻ താരം എം.എസ്.കെ പ്രസാദ് ചെയർമാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷൻ കമ്മിറ്റി എന്നാണ് ഫറൂഖ് എൻജിനിയർ വിശേഷിപ്പിച്ചത്. ടീം തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഫറൂഖ് ആരോപിക്കുന്നു. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിനിടയിലെ ഒരു മോശം അനുഭവം വിവരിച്ചാണ് ഫാറൂഖ് എൻജിനീയർ സെലക്ഷൻ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ കമ്മിറ്റിയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതെന്നും 10-12 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു എന്നതാണോ യോഗ്യതയെന്നും എൻജിനിയർ ചോദിക്കുന്നു. ഇന്ത്യയുടെ മുൻതാരം ദിലീപ് വെംഗ്സർക്കാരിനെപ്പോലെയുള്ളവരാണ് സെലക്ഷൻ കമ്മിറ്റിയിൽ എത്തേണ്ടതെന്നും ഫറൂഖ് എൻജിനിയർ ചൂണ്ടിക്കാട്ടുന്നു.
പിന്നാലെ, എൻജിയറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അനുഷ്ക ശർമയെത്തി. തെറ്റായ കഥകളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ഇതിലെ പുതിയ നുണ ലോകകപ്പ് മത്സരത്തിനിടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ തനിക്കു ചായ കൊണ്ടു തന്നുവെന്നതാണ്. ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് താനെത്തിയതെന്നു അന്ന് ഫാമിലി ബോക്സിലിരുന്നാണ് മത്സരം കണ്ടത്. അല്ലാതെ സെലക്ടർമാരുടെ ബോക്സിൽ ഇരുന്നില്ലെന്നും അനുഷ്ക ട്വിറ്ററിലെ പ്രസ്താവനയിൽ പ്രതികരിച്ചു.
ആവശ്യമില്ലതെ ആരെങ്കിലും തന്റെ പേര് ഇത്തരം കാര്യങ്ങളിൽ വലിച്ചിഴയ്ക്കാൻ താൻ അനുവദിക്കില്ല. ആരോപണങ്ങൾ അസംബന്ധവും അബദ്ധജഡിലവുമാണ്. പല വിഷയങ്ങളിലും പ്രതികരിക്കാത്തത് തന്റെ ദൗർബല്യമായി കാണരുതെന്നും അനുഷ്ക വ്യക്തമാക്കി.