കാഷ്മീരി ഷോള്‍ തുന്നി ജീവിതം മുന്നോട്ട് നയിച്ചിരുന്ന യുവാവിനു ഇന്ന് സ്വന്തം തൊഴിലുപോലും ചെയ്യാനാകുന്നില്ല! പട്ടാളം മനുഷ്യകവചമാക്കിയ യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം

കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ ലോക്സഭാ തെരഞ്ഞെടുപ്പു ദിവസം, ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് വലിയ വിവാദമായിരുന്നു. സൈന്യത്തിനുനേരെ കല്ലെറിഞ്ഞയാളെന്ന പേരിലായിരുന്നു ധറിനെ പട്ടാളം മനുഷ്യകവചമാക്കി താഴ്വരയിലൂടെ സഞ്ചരിച്ചത്. സൈന്യത്തിനു നേരെയുണ്ടായ ശക്തമായ കല്ലേറിലില്‍ നിന്ന് പ്രതിരോധിക്കാനെന്ന പേരിലായിരുന്നു സൈനികരുടെ ഈ നടപടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൈന്യത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാല്‍ ഇന്ന് അഹമ്മദ് ധറിന്റെ ജീവിതം എങ്ങിനെയാണെന്ന് ആര്‍ക്കും അറിയില്ല. ആരും അന്വേഷിക്കുന്നുമില്ല.

നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ട് വിഷാദരോഗത്തിനടിമപ്പെട്ട ഇരുപത്തെട്ടുകാരന്‍ തൊഴില്‍ പോലുമില്ലാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുകയാണ്. കാഷ്മീരി ഷോള്‍ തുന്നി ജീവിതം മുന്നോട്ട് നയിച്ചിരുന്ന യുവാവിനു ഇന്ന് സ്വന്തം തൊഴിലുപോലും ചെയ്യാനാകുന്നില്ല. അയല്‍ക്കാരും നാട്ടുകാരും സര്‍ക്കാരിന്റെ ചാരന്‍ എന്ന പേരില്‍ ഒറ്റപ്പെടുത്തുകയാണ് അഹമ്മദ് ധറിനെ.

ഉറക്കമില്ലായ്മയും വിഷാദവും രോഗവും നിറഞ്ഞ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയാതെ ഉഴലുകയാണ് ഇയാള്‍. ‘സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നു തെളിയിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. അല്ലാത്തപക്ഷം എന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം’ അഹമ്മദ് ധര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോയി എന്നതിന്റെ പേരിലാണു ഗ്രാമവാസികള്‍ ഫാറൂഖിനെ ഒറ്റുകാരനും സര്‍ക്കാര്‍ ചാരനുമായി ചിത്രീകരിച്ചത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് അഹമ്മദ് ധര്‍ ഇന്ന് ജീവിതം മുന്നോട്ട് നയിക്കുന്നത്.

2017 ഏപ്രില്‍ ഒന്‍പതിനായിരുന്നു ഫാറൂഖിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവം. വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കശ്മീര്‍ ലോക്സഭാ മണ്ഡലത്തിലെ ബഡ്ഗാമില്‍ വോട്ടുചെയ്യാന്‍ പോയതായിരുന്നു ഫാറൂഖ്.

മേജര്‍ ലീത്തുല്‍ ഗൊഗോയ് നയിച്ച സൈനിക സംഘം ഫാറൂഖിനെ പിടികൂടി. താഴ്വരയിലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്നു രക്ഷപ്പെടാന്‍, ‘മനുഷ്യകവച’മായി ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിടുകയും ചെയ്തു. ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് കയറുകൊണ്ടു വാഹനത്തിനു മുന്നില്‍ കെട്ടിയിടുന്നത്.

28 ഗ്രാമങ്ങളിലൂടെ ആ മനുഷ്യകവചവുമായി സൈന്യത്തിന്റെ വാഹനം കടന്നുപോയത്. തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനു പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. ജമ്മുകാഷ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഫാറൂഖിനു പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നഷ്ടപരിഹാരത്തിനു വകുപ്പില്ലെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ അതും നിഷേധിച്ചു. ‘എന്തിനാണ് എന്നോടിതു ചെയ്തത്? വോട്ടു ചെയ്യാന്‍ പോയതിനോ?’ അധികാരികളോട് ഫാറൂഖ് അഹമ്മദ് ധര്‍ ചോദിക്കുന്നു.

 

 

Related posts