ബിജെപിയ്ക്കെതിരേ രൂക്ഷവിമര്ശനവുമായി ജമ്മു കാശ്മീര് മുന് മുഖ്യമന്ത്രിയും നാഷണല് കോണ്ഫറന്സ് അദ്ധ്യക്ഷനുമായ ഡോ. ഫറൂഖ് അബ്ദുള്ള.
അധികാരത്തില് തുടരാന് വേണ്ടി മാത്രമാണ് ബിജെപി രാമന്റെ പേര് ഉപയോഗിക്കുന്നതെന്നും എന്നാല് രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല എന്നും അദ്ദേഹം പറഞ്ഞു.
പാന്തേഴ്സ് പാര്ട്ടി സംഘടിപ്പിച്ച റാലിയില് സംസാരിക്കുമ്പോഴാണ് അബ്ദുള്ള ഇത് പറഞ്ഞത്.
ഫറൂഖ് അബ്ദുള്ളയുടെ വാക്കുള് ഇങ്ങനെ… ഭഗവാന് രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസില് നിന്ന് ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുക.
മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കക്കാരനോ റഷ്യക്കാരനോ ആരുമാകട്ടെ, രാമന് അവനില് വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ്.
ഞങ്ങള് രാമന്റെ ശിഷ്യന്മാര് മാത്രമാണ് എന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കല് വരുന്നവര് വിഡ്ഢികളാണ്. അവര് രാമന്റെ പേര് വിറ്റ് ജീവിക്കാന് ആഗ്രഹിക്കുന്നവരാണ്.
അവര്ക്ക് രാമനോടല്ല, അധികാരത്തോടാണ് സ്നേഹം. ജമ്മു കാശ്മീരില് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള് സാധാരണക്കാരന്റെ ശ്രദ്ധ തിരിക്കാനായി അവര് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.
ഞങ്ങള്ക്ക് മറ്റ് പാര്ട്ടികളുമായുള്ള ഐക്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല. അത് കോണ്ഗ്രസായാലും എന്സി ആയാലും പാന്തേഴ്സ് ആയാലും.
ഞങ്ങള് ജനങ്ങള്ക്കുവേണ്ടി പോരാടാനും മരിക്കാനും തയ്യാറാണ്. ഞങ്ങള് ഒറ്റക്കെട്ടായി തന്നെ തുടരും. ഡോ. ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള് ഉപയോഗിക്കുമ്പോള് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള് അപകടത്തിലാണ് എന്നൊക്കെ അവര് തിരഞ്ഞെടുപ്പ് വേളയില് നിരന്തരം പറയും, പക്ഷേ അതില് വീഴരുതെന്ന് നിങ്ങളോട് താന് അഭ്യര്ത്ഥിക്കുകയാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.